സിനിമയിൽ നിന്ന് ഔട്ടായ സമയത്ത് വന്ന വേഷം, ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന റിമൈൻ്ററായിരുന്നു ട്രാഫിക്: കൃഷ്ണ

'ആ വേഷം അഭിനയിച്ച് കഴിഞ്ഞ് കുറെ ആളുകൾ എന്നെ തെറ്റിദ്ധരിച്ചു'

ഷാജഹാൻ, സ്നേഹിതൻ, തില്ലാന തില്ലാന തുടങ്ങി നിരവധി തമിഴ്, മലയാളം സിനിമകളിലൂടെ പ്രേക്ഷകമനം കവർന്ന നായകനാണ് കൃഷ്ണ. ട്രാഫിക് എന്ന സിനിമയിൽ താൻ അവതരിപ്പിച്ച വേഷത്തെക്കുറിച്ച് മനസുതുറക്കുകയാണ് കൃഷ്ണ. താൻ ജീവിച്ചിരിപ്പുണ്ടെന്ന റിമൈൻ്ററായിരുന്നു ട്രാഫിക് എന്ന സിനിമ എന്നും സിനിമയിൽ നിന്ന് ഔട്ട് ആയ സമയത്താണ് ആ വേഷം തനിക്ക് കിട്ടുന്നതെന്നും നടൻ പറഞ്ഞു. എഡിറ്റോറിയൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ ഇക്കാര്യം തുറന്നുപറഞ്ഞത്.

'എനിക്ക് അടി കിട്ടുന്ന റോൾ ആയിരുന്നു എങ്കിലും നല്ല റോൾ ആയിരുന്നു എനിക്ക് ട്രാഫിക്കിൽ. സിനിമയിൽ നിന്ന് ഞാൻ ഔട്ട് ആയ സമയത്താണ് ആ വേഷം എനിക്ക് കിട്ടുന്നത്. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന റിമൈൻ്ററായിരുന്നു ട്രാഫിക് എന്ന സിനിമ. ആ വേഷം അഭിനയിച്ച് കഴിഞ്ഞ് കുറെ ആളുകൾ എന്നെ തെറ്റിദ്ധരിച്ചു. കാരണം ആളുകൾക്ക് നെഗറ്റീവ് ഓർത്ത് വെക്കാൻ വളരെ ഇഷ്ടമാണ്. സഞ്ജയ് - ബോബിയുടെ സ്ക്രിപ്റ്റുകൾ എല്ലാം വളരെ കൺവിൻസിംഗ് ആയ സ്ക്രിപ്റ്റുകളാണ്', കൃഷ്ണയുടെ വാക്കുകൾ.

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക്കിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ശ്രീനിവാസൻ, റഹ്‌മാൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. മലയാള സിനിമയുടെ ഗെയിംചേഞ്ചർ എന്ന് വിശേഷിപ്പിക്കുന്ന സിനിമയാണ് ട്രാഫിക്. ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ സിനിമ നിർമിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു.

ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം ആണ് അവസാനം തിയേറ്ററിലെത്തിയ കൃഷ്ണയുടെ സിനിമ. റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ 'ഓണം മൂഡ്' എന്ന ഗാനം, റിലീസിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.

Content Highlights: Actor Krishna about his role in traffic

To advertise here,contact us