'സൂദു കവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നളൻ കുമാരസാമിക്കൊപ്പം നടൻ കാർത്തി ഒന്നിക്കുന്ന പുതിയ ചിത്രം ആണ് വാ വാത്തിയാർ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിനിമ ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ് കാർത്തി.
'നളന്റെ ഐഡിയകൾ മനസിലാക്കി എടുക്കാൻ തന്നെ നല്ല പാടാണ്. മുൻപ് ആയിരത്തിൽ ഒരുവനിൽ സെൽവരാഘവൻ സാറിനൊപ്പം വർക്ക് ചെയ്യുമ്പോഴും എനിക്ക് ഇതേ അനുഭവമായിരുന്നു. അദ്ദേഹം എഴുതിയിരിക്കുന്ന സീനുകൾ മനസിലാക്കി അഭിനയിക്കാം എന്ന് കരുതിയാൽ അത് നടക്കില്ല. അദ്ദേഹം അത് വിവരിച്ചാൽ മാത്രമേ നമുക്ക് അത് എന്താണെന്ന് മനസിലാകൂ. അതുപോലെ ആയിരുന്നു നളനും. സിനിമയുടെ കഥ കേട്ടിട്ട് ഈ കഥാപാത്രത്തെ എന്നെകൊണ്ട് അവതരിപ്പിക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. കത്തിയുടെ മേലെ നടക്കുന്നത് പോലെയാണ് ഈ സിനിമ കാരണം ഒരു ആക്ടർ എന്ന നിലയിൽ ഈ സിനിമ ജയിക്കും അല്ലെങ്കിൽ വലിയ പരാജയമായി മാറും', കാർത്തിയുടെ വാക്കുകൾ.
കൃതി ഷെട്ടിയാണ് 'വാ വാത്തിയാർ' എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. സത്യരാജ് ആണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. നടൻ രാജ് കിരണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രം ഡിസംബർ 26 പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും റിലീസ് മാറ്റിവെക്കുകയായിരുന്നു. 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമി സിനിമയിലേക്ക് തിരികെ എത്തുന്നത്. കാതലും കടന്തു പോവും ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം. അതേസമയം ചിത്രത്തിന്റെ ഒടിടി അവകാശം ഇതിനോടകം ആമസോൺ പ്രൈം സ്വന്തമാക്കി. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്.
"In #AayirathilOruvan i didn't understand script, only when Selvaraghavan explains I will be able to understand, I had similar experience for #VaaVaathiyaar😀. The film is like waking on the knives, either success/failure as an actor for me🤞"- #Karthi pic.twitter.com/GtjOh74gXr
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു പക്കാ കൊമേർഷ്യൽ പടം ആകും എന്ന സൂചനയാണ് ടീസർ നൽകുന്നത്.
Content Highlights: Karthi about Vaa vaathiyar