ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒന്നിക്കുന്ന 'മിണ്ടിയും പറഞ്ഞും' എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. 2021 ൽ തുടങ്ങിയ ചിത്രം നാലു വർഷത്തിന് ശേഷം ക്രിസ്തുമസ് റിലീസായി ഡിസംബർ 25 ന് എത്തും. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ട് ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'ഒടുവിൽ 2025 ഡിസംബർ 25 ന് ഞങ്ങൾ നിങ്ങളിലേക്ക് എത്തുന്നു. 2021 ൽ തുടങ്ങിയതാണ്. എത്രയും വേഗം ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ എല്ലാത്തിനും അതിന്റേതായ മധുരമുള്ള സമയമുണ്ട്. ഈ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള നിങ്ങളുടെ ആവർത്തിച്ചുള്ള സ്നേഹവും ആശങ്കയും ഞങ്ങളെ വലച്ചിരുന്നു.ഇതാ! നിങ്ങളുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം സിനിമ കാണുക. മിണ്ടിയും പറഞ്ഞും ക്രിസ്മസ് ആഘോഷിക്കൂ,' ഉണ്ണി മുകുന്ദൻ കുറിച്ചു.
അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ്. ‘ലൂക്ക’ ‘മാരിവില്ലിൻ ഗോപുരം’ യ്ക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. മധു അമ്പാട്ട് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിങ്. ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Content Highlights: Unni Mukundan's film 'Mindiyum Padum' release date out