സിദ്ധിഖ് - ലാൽ സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ ചിത്രമാണ് റാംജിറാവു സ്പീക്കിങ്. മുകേഷ്, സായ് കുമാർ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിൽ വിജയരാഘവൻ അവതരിപ്പിച്ച റാംജിറാവു എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. വിജയരാഘവന്റെ ലുക്കും ഡയലോഗുകളുമെല്ലാം വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഈ കഥാപാത്രം ഉപയോഗിച്ച കോസ്റ്റ്യൂമിനെക്കുറിച്ചുള്ള ഒരു രസകരമായ കാര്യമാണ് ചർച്ചയാകുന്നത്.
ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് 'പൂവിന് പുതിയ പൂന്തെന്നൽ'. ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരുന്ന ഇരട്ട പോക്കറ്റുള്ള ബ്രൗൺ കളർ ഷർട്ട് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതേ മോഡലിലുള്ള ഷർട്ട് ആണ് റാംജിറാവു സ്പീക്കിങ്ങിൽ വിജയരാഘവൻ ധരിച്ചതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. സംവിധായകനും നടനുമായ ലാൽ 'പൂവിന് പുതിയ പൂന്തെന്നലില്' ഫാസിലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ബ്രൗൺ ഷർട്ട് ഇഷ്ടമായ ലാൽ അത് മമ്മൂട്ടിയോട് ചോദിക്കുകയും അദ്ദേഹം അത് സ്നേഹപൂർവ്വം ലാലിന് സമ്മാനിക്കുകയും ചെയ്തു.
പിന്നീട് റാംജിറാവു സ്പീക്കിങ് എന്ന ചിത്രം ചെയ്യുമ്പോൾ വില്ലനായ റാംജിറാവുവിന് കാഴ്ചയിൽ തന്നെ ശ്രദ്ധ നേടുന്ന ഷർട്ട് വേണം എന്ന് സിദ്ധിഖ് ലാൽമാർ ആഗ്രഹിച്ചു. അങ്ങനെയിരിക്കെയാണ് മമ്മൂട്ടിയുടെ ഈ ബ്രൗൺ ഷർട്ടിന് സമാനമായ വേഷം നൽകിയാൽ നന്നാകും എന്ന ആശയം ലാലിനാണ് ഉണ്ടാകുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യൂമിന്റെ മുഴുവൻ ഉത്തരവാദിത്തവും ലാലായിരുന്നു ഏറ്റെടുത്തത്. ഇത് സിദ്ധിഖിനോട് പറയുകയും തുടർന്ന് പൂവിന് പുതിയ പൂന്തെന്നലിൽ മമ്മൂട്ടി ധരിച്ചിരുന്ന ഷർട്ടിന്റെ അതേ നിറത്തിലും മെറ്റീരിയലിലുമുള്ള തുണിത്തരങ്ങൾ വസ്ത്രാലങ്കാര വിഭാഗത്തോട് വാങ്ങാൻ ഇവർ ആവശ്യപ്പെട്ടു. ഒടുവിൽ അത് റാംജിറാവു എന്ന കഥാപാത്രത്തിന്റെ ഐകോണിക് വേഷമായി മാറുകയും ചെയ്തു. സിനിമയിലെ കോസ്റ്റ്യൂമിന് പിന്നിലെ കഥയെ കുറിച്ച് ഇന്ത്യന് എക്സ്പ്രസിലാണ് ഇപ്പോള് വിശദമായ ആര്ട്ടിക്കിള് വന്നിരിക്കുന്നത്.
സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് ആദ്യമായി ഒരുക്കിയ സിനിമയാണ് റാംജിറാവു സ്പീക്കിങ്. രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ, ഇന്നസെന്റ് എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. സായ്കുമാറിന്റെയും രേഖയുടെയും ആദ്യ സിനിമ കൂടിയാണ് ഇത്.
Content Highlights: Mammootty's shirt used in ramjirao speaking