മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമ നാളെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രീ സെയിൽ നേടിയ മമ്മൂട്ടി സിനിമകളിൽ നാലാം സ്ഥാനത്താണ് കളങ്കാവൽ.
1.60 കോടിയാണ് കളങ്കാവൽ ഇതുവരെ അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് നേടിയിരിക്കുന്നത്. 93K ടിക്കറ്റുകളാണ് സിനിമ ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. വൈശാഖ് ചിത്രം ടർബോ ആണ് പ്രീസെയിലിൽ ഒന്നാമതുള്ള മമ്മൂട്ടി ചിത്രം. 3.5 കോടിയാണ് സിനിമ പ്രീസെയിലിൽ നിന്നും നേടിയത്. അതേസമയം, 6.15 കോടിയാണ് ആദ്യ ദിനം ടർബോ കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. 70 കോടിക്ക് മുകളിലാണ് സിനിമ ഫൈനൽ റണ്ണിൽ നേടിയത്.
മമ്മൂട്ടി-അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം ആണ് പ്രീസെയിലിൽ രണ്ടാം സ്ഥാനം നേടിയ മമ്മൂട്ടി ചിത്രം. കൊവിഡ് തരംഗത്തിന് ശേഷം തിയേറ്ററില് എത്തിയ ആദ്യ മമ്മൂട്ടി ചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല് നീരദും മമ്മൂട്ടിയും ഒന്നിച്ച സിനിമയായിരുന്നു ഭീഷ്മ പർവ്വം. 2.35 കോടിയാണ് സിനിമ പ്രീ സെയിൽ വഴി നേടിയത്. 5.8 കോടിയാണ് ആദ്യ ദിനം സിനിമ കേരളത്തിൽ നിന്നും നേടിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ മമ്മൂട്ടി ചിത്രമായ സിബിഐ 5 ആണ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. 2.05 കോടിയാണ് സിനിമയുടെ പ്രീ സെയിൽ കളക്ഷൻ. 4.45 രൂപയാണ് സിനിമ ആദ്യ ദിനം കേരളത്തിൽ നിന്നും സ്വന്തമാക്കിയത്.
ഡീനോ ഡെന്നീസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബസൂക്കയാണ് അഞ്ചാം സ്ഥാനത്തുള്ള മമ്മൂട്ടി ചിത്രം പ്രീ സെയിലിലൂടെ ചിത്രം നേടിയത് 1.5 കോടി ആയിരുന്നു. മോശം പ്രതികരണം ആയിരുന്നു സിനിമയ്ക്ക് ലഭിച്ചതെങ്കിലും വലിയ കളക്ഷൻ ആദ്യ ദിനം നേടാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. 3.23 കോടിയാണ് സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ. 13.50 കോടിയാണ് ബസൂക്കയുടെ ഫൈനൽ കേരള കളക്ഷൻ. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും വിമർശനങ്ങൾ ലഭിച്ചിരുന്നു.
രാഹുൽ സദാശിവൻ ഒരുക്കിയ ഭ്രമയുഗം ആണ് പ്രീ സെയിലിൽ ആറാം സ്ഥാനത്തുള്ള മമ്മൂട്ടി ചിത്രം. 1.2 കോടിയാണ് സിനിമ പ്രീ സെയിൽ വഴി നേടിയത്. മൂന്ന് കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. മികച്ച അഭിപ്രായമായിരുന്നു സിനിമ നേടിയത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.
Content Highlights: Kalamkaval pre sale collection report update