ജ്യോതികയ്ക്കും സൂര്യയ്ക്കും ദൂതനായി, ആ സിനിമകളിൽ അഭിനയിക്കുമ്പോൾ ഇരുവർക്കും ഇടയിൽ പെട്ടുപോയി; രമേശ് ഖന്ന

ജ്യോതികയ്ക്കും സൂര്യയ്ക്കും ഇടയിൽ ദൂതനായ കഥ പറഞ്ഞ് രമേശ് ഖന്ന

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും പ്രണയും വിവാഹവുമെല്ലാം വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇരുവർക്കും ഇടയിൽ ദൂതനായ കഥ പറയുകയാണ് നടൻ രമേശ് ഖന്ന. ഫ്രണ്ട് സിനിമയുടെ റീ റിലീസ് സംബന്ധിച്ച പ്രസ് മീറ്റ് വേദിയിലാണ് നടന്റെ പ്രതികരണം.

'അന്ന് ഒരേ സമയം രണ്ട് പടമായിരുന്നു ചെയ്തിരുന്നത്. ഒരു ദിവസം ഫ്രണ്ട്സിലും അടുത്ത ദിവസം കമൽ സാറിന്റെ തെനാലിയുടെ സെറ്റിൽ പോകും. അതിന്റെ ഷൂട്ട് കൊടൈക്കനാലിലായിരുന്നു. രാത്രി വണ്ടിയിൽ കയറി പുലർച്ചെ തെനാലിയുടെ സെറ്റിലെത്തും. അടുത്ത ദിവസം തിരിച്ച് മലയിറങ്ങി ഫ്രണ്ട്സിന്റെ സെറ്റിൽ ജോയിൻ ചെയ്യും. ജ്യോതികയാണ് തെനാലിയിലെ നായികയെന്ന് അറിഞ്ഞപ്പോൾ സൂര്യ എന്നെ വിടാതെ ഫോളോ ചെയ്തു. എന്നെ അവരുടെ പ്രണയത്തിന്റെ ദൂതനാക്കി.

ഞാൻ രാത്രി കൊടൈക്കനാലിലേക്ക് പോകാൻ നിൽക്കുമ്പോൾ സൂര്യ എന്റെയടുത്തേക്ക് വരും. 'സൂക്ഷിച്ച് പോണം, ഭക്ഷണമൊക്കെ സമയത്തിന് കഴിക്കണം' എന്നൊക്കെ പറഞ്ഞിട്ട് തിരിച്ച് പോകും. ഞാൻ കൊടൈക്കനാലിൽ എത്തി സെറ്റിൽ ജോയിൻ ചെയ്യും. അവിടെ ജ്യോതികയോട് സംസാരിക്കുബോൾ സൂര്യ അന്വേഷിച്ച കാര്യം പറയും. അത് കേൾക്കുമ്പോൾ അവരുടെ മുഖത്ത് ചിരി വരും. തിരിച്ച് അന്വേഷിച്ചെന്ന് പറയാൻ മറുപടി നൽകും. ഇത് ഞാൻ സൂര്യയുടെ അടുത്ത് പറയും. ആ സിനിമയുടെ ഷൂട്ട് തീരും വരെ അവർ എന്നെ തട്ടി കളിച്ചുകൊണ്ടിരുന്നു,' രമേശ് ഖന്ന പറഞ്ഞു.

1999 ല്‍ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ചത്. ഏഴു വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. 2006 സെപ്റ്റംബർ 11 നായിരുന്നു സൂര്യ-ജ്യോതിക വിവാഹം. നീണ്ട വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. പതിനൊന്നോളം സിനിമകളില്‍ സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവർക്കും ദിയ, ദേവ് എന്നീ രണ്ടു മക്കളുണ്ട്. വിവാഹശേഷം അഭിനയത്തിൽനിന്നും വർഷങ്ങളോളം വിട്ടുനിന്ന ജ്യോതിക '36 വയതിനിലെ' എന്ന സിനിമയിലൂടെയാണ് മടങ്ങി വന്നത്. അതിനുശേഷം അഭിനയത്തിൽ ജ്യോതിക സജീവമാണ്.

അതേസമയം, മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഫ്രണ്ട്. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് സിനിമ ഇതേ പേരിൽ തന്നെയാണ് തമിഴിൽ റീ മേക്ക് ചെയ്തത്. സൂര്യ, വിജയ് എന്നിവർ ഒന്നിച്ച സിനിമ തമിഴിലും സൂപ്പർ ഹിറ്റായിരുന്നു. സിദ്ദിഖ് തന്നെയായിരുന്നു സിനിമ തമിഴിലും സംവിധാനം ചെയ്തിരുന്നത്.

Content Highlights:  Ramesh Khanna tells the story of the messenger between Jyothika and Surya

To advertise here,contact us