'മഹാനടി'ക്ക് ശേഷം ആറ് മാസത്തോളം എനിക്ക് സിനിമയൊന്നും ലഭിച്ചില്ല, പക്ഷെ ഞാൻ നിരാശപ്പെട്ടില്ല: കീർത്തി സുരേഷ്

'എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താൻ സമയമെടുക്കുന്നുവെന്ന് ഞാൻ അതിനെ പോസിറ്റീവായി എടുത്തു'

കീർത്തി സുരേഷിനെ പ്രധാന കഥാപാത്രമാക്കി നാഗ് അശ്വിൻ ഒരുക്കിയ സിനിമ ആണ് മഹാനടി. ചിത്രത്തിൽ നടി സാവിത്രി ആയിട്ടായിരുന്നു കീർത്തി എത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. സിനിമയിലെ കീർത്തിയുടെ പ്രകടനം വലിയ കയ്യടികൾ നേടുകയും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാൽ മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് സിനിമയൊന്നും ലഭിച്ചില്ല എന്ന് പറയുകയാണ് കീർത്തി സുരേഷ്.

'മഹാനടിയുടെ റിലീസിന് ശേഷം എനിക്ക് ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ എനിക്ക് നിരാശയൊന്നും ഇല്ലായിരുന്നു. ആളുകൾ എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താൻ സമയമെടുക്കുന്നുവെന്ന് ഞാൻ അതിനെ പോസിറ്റീവായി എടുത്തു. ആ ഗ്യാപ് ഞാനൊരു മേക്കോവറിനായി ഉപയോഗിച്ചു', കീർത്തിയുടെ വാക്കുകൾ.

#KeerthySuresh:"You don't believe, after the Mahanti release, i didn't get any movie chance for 6 Months. Even no one narrated a story. I was not down, because i didn't do the wrong thing. I took it positively, that people are taking time to shape a unique character for me. I… pic.twitter.com/dNMjeNiO2Q

ദുൽഖർ സൽമാൻ, സാമന്ത, വിജയ് ദേവരകൊണ്ട എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ജെമിനി ഗണേശൻ ആയിട്ടാണ് സിനിമയിൽ ദുൽഖർ എത്തിയത്. അഭിനേത്രി എന്ന രീതിയില്‍ കീര്‍ത്തി സുരേഷിനെ അടയാളപ്പെടുത്തിയ സിനിമ കൂടിയാണ് നടി സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടി. തെലുങ്കിൽ നടിക്ക് വലിയ ആരാധകരെ നേടിക്കൊടുത്തതും ഈ ചിത്രം തന്നെയാണ്. റിവോൾവർ റീത്ത ആണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തി ചിത്രം.

രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. ആക്‌ഷനും കോമഡിയും നിറഞ്ഞ ഡാർക് മൂഡിലുള്ള സിനിമയാകും ഇതെന്ന് ടീസർ സൂചന നൽകുന്നു. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമാണം സുധൻ സുന്ദരം, ജഗദീഷ് പളനിസാമി. ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിങ് പ്രവീൺ, ആർട് എംകെടി, സ്റ്റണ്ട് ദിലീപ് സുബ്ബരയ്യൻ.

Content Highlights: After the Mahanti release i didn't get any movie chance for 6 Months says Keerthy

To advertise here,contact us