നടിപ്പ് ചക്രവർത്തിയുടെ കുതിപ്പിന്റെ സമയം ലേശം കുറച്ചിട്ടുണ്ട്,' കാന്ത പുതിയ പതിപ്പ് ഇന്ന് മുതൽ

കാന്ത സിനിമയുടെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ "കാന്ത" മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് "കാന്ത" ടീം ചിത്രത്തിന്റെ ദൈർഘ്യം കുറച്ചത്. 12 മിനിറ്റോളമാണ് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചിരിക്കുന്നത് എന്നും രണ്ടാം പകുതിയിൽ ആണ് കട്ട് വന്നിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം പ്രമുഖ കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്കു പ്രവേശിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ്.

രണ്ടാം വാരവും ലോകമെമ്പാടുമുള്ള പ്രമുഖ കേന്ദ്രങ്ങളിൽ മികച്ച പ്രതികരണം സ്വന്തമാക്കി ചിത്രം തുടരുന്നുണ്ട്. അതിനിടയിലാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്ന രീതിയിൽ ചിത്രത്തിന്റെ ദൈർഘ്യവും കുറച്ചിരിക്കുന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോൾ ദൈർഘ്യവും കുറച്ചതോടെ, ചിത്രം കൂടുതൽ ഒഴുക്കിലും വേഗതയിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും, വിദേശ മാർക്കറ്റുകളിലും സ്ഥിരതയാർന്ന ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് 'കാന്ത'. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് മുന്നോട്ട് നീങ്ങുന്നത്.

ദുൽഖർ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം ദുൽഖർ സൽമാൻ എന്ന നടന് കരിയറിലെ ഏറ്റവും വലിയ പ്രശംസയാണ് ഇപ്പോൾ നേടികൊടുക്കുന്നത്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ - ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ - ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ - തമിഴ് പ്രഭ, വിഎഫ്എക്സ് - ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് - ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്.

Content Highlights: New version of Kantha movie with reduced length from today

To advertise here,contact us