'ആരാണ് ഈ നടൻ?, കണ്ടിട്ട് കിയാനു റീവ്സിനെ പോലെയുണ്ട്'; വൈറലായി മഹേഷ് ബാബുവിന്റെ പുതിയ ചിത്രം

ജോൺ വിക്കിന്റെ ഇന്ത്യൻ പതിപ്പ് വരുകയാണെങ്കിൽ അതിൽ മഹേഷ് ബാബു അഭിനയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരാണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവന്റിൽ നിന്നുള്ള മഹേഷിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ നടനെ ഇന്ത്യൻ കിയാനു റീവ്സ് എന്ന് വിശേഷിപ്പിക്കുകയാണ് വിദേശ സിനിമാപ്രേമികൾ.

മഹേഷ് ബാബുവിന്റെ ഒരു പുതിയ ഫോട്ടോയ്ക്ക് താഴെയാണ് നിരവധി വിദേശ സിനിമാപ്രേമികളുടെ കമന്റുകൾ കൊണ്ട് നിറയാൻ തുടങ്ങിയത്. നടനെ കാണാൻ കിയാനു റീവ്സിനെ പോലെയുണ്ടെന്നും ഇയാളെ വെച്ച് രാജമൗലി എന്താണ് ചെയ്യുന്നത് കാണാനായി കാത്തിരിക്കുന്നു എന്നാണ് കമന്റുകൾ. ചിത്രത്തിന് താഴെ മഹേഷ് ബാബു ആരാധകരും കമന്റുമായി എത്തി. ജോൺ വിക്കിന്റെ ഇന്ത്യൻ പതിപ്പ് വരുകയാണെങ്കിൽ അതിൽ മഹേഷ് ബാബു അഭിനയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്തായാലും നിമിഷനേരം കൊണ്ട് ചിത്രം വൈറലായിക്കഴിഞ്ഞു.

അതേസമയം, വാരാണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

Content Highlights: Mahesh Babu new pic goes viral

To advertise here,contact us