ചെന്നൈയിൽ വിവാഹത്തിനും മറ്റും പോകുമ്പോൾ ഭക്ഷണം പോലും കഴിക്കാനാകാത്ത വിധം ആരാധകർ സെൽഫി ചോദിച്ച് എത്താറുണ്ടെന്ന് എ ആർ റഹ്മാൻ. ഭക്ഷണം കഴിക്കുകയാണെന്ന് പോലും അവർ മനസിലാക്കില്ലെന്നും ഹോളിവുഡ് നടന്മാരൊക്കെ ഫോട്ടോ എടുക്കാൻ കഴിയില്ലെന്ന് തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അഭിനേതാക്കൾ ദയായുള്ളവരാണെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിലാണ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്.
'ഭക്ഷണം കഴിക്കാൻ ആളുകൾ സമ്മതിക്കാതെ വരുമ്പോൾ അത് നമ്മുടെ കുടുംബജീവിതത്തെ ബാധിക്കും. വിവാഹത്തിനൊക്കെ പോയി ഭക്ഷണം കഴിക്കുമ്പോൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് ആളുകൾ അടുത്തേക്ക് വരും. ഞാൻ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞാൽ, ഞങ്ങൾ പോവാൻ നിൽക്കുകയാണ്, ഇപ്പോൾ പോവണം എന്നൊക്കെ അവർ പറയും. ആ വ്യക്തി ഭക്ഷണം കഴിക്കുകയാണെന്ന് പോലും അവർ മനസിലാക്കില്ല. അതുകൊണ്ട് ഞാൻ വിവാഹങ്ങൾക്ക് പോയാൽ ഭക്ഷണം കഴിക്കാറില്ല. പോയി, അവരെ ആശംസിച്ചിട്ട് തിരിച്ചു വരും'.
'വിദേശരാജ്യത്ത് റോക്ക്സ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ അവർ വളച്ചുകെട്ടാതെ, ക്ഷമിക്കണം എനിക്ക് കഴിയില്ല എന്ന് ആരാധകരോട് പറയുന്നതു കേട്ടിട്ടുണ്ട്. ഹോളിവുഡ് നടന്മാരായാലും അങ്ങനെ തന്നെ പറയും. അതുകൊണ്ടുതന്നെ ആളുകൾ വരികയുമില്ല. പക്ഷേ ഇന്ത്യൻ അഭിനേതാക്കൾ ദയയുള്ളവരാണ്. കാരണം നമ്മൾ പല വംശങ്ങളിൽപ്പെട്ടവരാണ്', റഹ്മാൻ പറഞ്ഞു. തനിക്ക് സൗഹൃദങ്ങൾ നിലനിർത്താനോ, പുതിയവ സൃഷ്ടിക്കാനോ കഴിയാറില്ല. എന്നാൽ എല്ലാ സംവിധായകരും തന്റെ സുഹൃത്തുക്കളാണെന്നും ആനന്ദ് എൽ റായ്, ഇംതിയാസ് അലി എന്നിവർക്കൊപ്പം പ്രവർത്തിക്കുന്നത് തനിക്കേറെയിഷ്ടമാണെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
Content Highlights: A R Rahman talks about his fans and privacy issues