'ഉടലിലാകെ ഒഴുകണ നദിയായ്‌ നീ…'; പ്രണയാർദ്രരായ് ഹണിയും റോഷനും, 'റേച്ചലി'ലെ ഗാനം പുറത്ത്

'റേച്ചലി'ലെ നായികയായ ഹണി റോസും നായകൻ റോഷൻ ബഷീറും ബാബുരാജുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്

പ്രണയം നിറച്ച, കവിത തുളുമ്പുന്ന വരികളും ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കവ‍‍ർന്ന് 'റേച്ചലി'ലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ആദ്യ കേൾവിയിൽ തന്നെ ഏവരുടേയും ഹൃദയം കവരുന്ന വരികളും വേറിട്ട ഈണവുമായി എത്തിയിരിക്കുകയാണ് 'കണ്ണിൽ മാരിവില്ലിൻ ചെണ്ട്…' എന്ന് തുടങ്ങുന്ന ഗാനം. 'റേച്ചലി'ലെ നായികയായ ഹണി റോസും നായകൻ റോഷൻ ബഷീറും ബാബുരാജുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്. ചിത്രം ഡിസംബർ ആറിന് അഞ്ച് ഭാഷകളിൽ തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.

ആഴമുള്ള വരികളും മനം കവരുന്ന ഈണവുമാണ് ഈ ഗാനത്തെ വേറിട്ടതാക്കുന്നത്. 'ഉടലിലാകെ ഒഴുകണ നദിയായ്‌ നീ… ‌ഉയിരിലാകെ നിറയണ തുഴയായ്‌ നീ…' എന്ന വരികളിൽ നദിപോലെ ഒഴുകി പരക്കുന്ന പ്രണയിനിയുടെ ഉയിരിൽ തുഴപോലെ തഴുകുന്ന കാമുകനെ വർണ്ണിച്ചിരിക്കുന്ന ഭാഗം ഏറെ മനോഹരമാണ്. രാഹുൽ മണപ്പാട്ടിന്‍റെ പ്രണയച്ചൂരുള്ള വരികള്‍ക്ക് വ്യത്യസ്തമായതും ആകർഷകവുമായ ഈണം നൽകിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. അഹി അജയനും ജീവൻ പത്മകുമാറും ചേർന്നാണ് വരികളുടെ ആത്മാവറിഞ്ഞുകൊണ്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സമാനതകളില്ലാത്ത ധൈര്യവും എന്തിനും പോന്ന ചങ്കൂറ്റവുമുള്ളൊരു പെണ്ണാണ് ചിത്രത്തിലെ നായിക റേച്ചൽ. അവളുടെ മനം കവർന്ന കാമുകനാണ് തന്‍റെ അപ്പൻ പോത്തുപാറ ജോയിച്ചനോടൊപ്പം പണിക്ക് നിൽക്കുന്ന നിക്കോളാസ്… റേച്ചലിന്‍റെ ഹൃദയത്തിലിടം നേടിയ സുന്ദരൻ. ഗാനത്തിലെ 'പ്രാണനാകെ നീ….പാതിയായ്‌ നീ…' എന്ന വരികളിൽ ഇവരുടെ പ്രണയത്തിന്‍റെ ആഴം വായിച്ചെടുക്കാനാകും. ചിത്രത്തിൽ റേച്ചലായി എത്തിയിരിക്കുന്നത് ഹണി റോസും നിക്കോളാസായി എത്തിയിരിക്കുന്നത് 'ദൃശ്യം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ബഷീറുമാണ്. അപ്പന്‍റെ കണ്ണുവെട്ടിച്ച് പരസ്പരം പ്രണയം പങ്കുവയ്ക്കാനുള്ള ഇവരുടെ അടങ്ങാത്ത ആഗ്രഹമാണ് പാട്ടിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു ചിത്രമാകും 'റേച്ചൽ' എന്ന് ട്രെയിലർ ഇതിനകം സൂചന നൽകിയിട്ടുണ്ട്. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കുമെന്ന് ട്രെയിലറിലെ ചില രംഗങ്ങൾ അടിവരയിടുന്നുണ്ട്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയിൽ എത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.

സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെരിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, ടീസർ സബ്‍ടൈറ്റിൽ: വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പി ആര്‍ ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.

Content Highlights: Rachel Movie Honey Rose song out

To advertise here,contact us