ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്, ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിർദ്ദേശം ലഭിച്ച സിനിമകളിൽ മലയാളത്തിൽ നിന്നുള്ള ഒരു ഡോക്യുമെന്ററി സിനിമയും. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 17 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയ ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാർഡ് ഡാൻസ്’ എന്ന ഡോക്യുമെന്ററി സിനിമയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
14 ഭാഷകളിൽ നിന്നായി 22 സിനിമകൾക്കാണ് ഫിലിം ബസാർ നാമനിർദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട 230 ഓളം സിനിമകളിൽ നിന്നാണ് ഈ സിനിമകൾ നാമനിർദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ആണ് പരിപാടിയുടെ പ്രായോജകർ. ഈ അടുത്ത് നടന്ന കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിക്കാർഡ് ഡാൻസ് എന്ന നാടോടി നൃത്തകലാരൂപത്തെ കുറിച്ചും അതിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരെ കുറിച്ചുമാണ് ഡോക്യുമെന്ററി സിനിമ സംസാരിക്കുന്നത്. മലയാളത്തിൽ നിന്നും നാമനിർദ്ദേശം ലഭിച്ച ഏക സിനിമയാണ് റിക്കാർഡ് ഡാൻസ്.
ക്ലാസിക് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിർമിച്ചിരിക്കുന്നത്. സഹ നിർമ്മാണം ചെയ്തിരിക്കുന്നത് വിഷ്ണു ബാലകൃഷ്ണനാണ്. ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂർ. സച്ചിൻ സത്യയാണ് എഡിറ്റർ. വിഷ്ണു ശിവശങ്കർ പശ്ചാത്തല സംഗീതവും ധനുഷ് നായനാർ മിക്സിങ്ങും ചെയ്തിരിക്കുന്നു. അസ്സോസിയേറ്റ് ഡയറക്ടർ മിദ്ലാജ് മുഹമ്മദ്.കിഷോർ ബാബുവാണ് പോസ്റ്റർ ഡിസൈനിങ് ചെയ്തിരിക്കുന്നു.
Content Highlights: Ricard Dance short film to goa film festival