നിവിൻ പോളി - നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന "ഡിയർ സ്റ്റുഡൻസിന്റെ പുതിയ പോസ്റ്റർ പുറത്ത്. നയൻതാരയുടെ ജന്മദിനം പ്രമാണിച്ച്, താരത്തിന് ആശംസകളേകി കൊണ്ടാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടെയുള്ള പോസ്റ്റർ പുറത്തുവിട്ടത്. വിദ്യ രുദ്രൻ എന്നാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.
6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി - നയൻതാര ടീം ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിയര് സ്റ്റുഡന്റ്സിന്റെ ആദ്യ ടീസർ മാസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസർ നേടിയത്. ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം സ്കൂൾ പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന രീതിയിലാണ് സഞ്ചരിക്കുന്നതെന്ന സൂചനയാണ് ടീസറിൽ നിന്ന് ലഭിച്ചത്. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു സമ്പൂർണ്ണ ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും ടീസർ നൽകിയിരുന്നു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ഫൺ അവതാരത്തിലുള്ള നിവിൻ പോളിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ടീസർ ദൃശ്യങ്ങൾ വ്യക്തമാക്കിയതോടെ ആരാധകരും ആവേശത്തിലാണ്. ഹരി എന്ന് പേരുള്ള കഥാപാത്രമായി നിവിൻ വേഷമിടുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് നയൻതാര അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Dear Students new poster out now