ദുൽഖർ സൽമാൻ നായകനായെത്തിയ 'കാന്ത' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. വലിയ പ്രേക്ഷക - നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്. സിനിമയിൽ ഭാഗ്യശ്രീ ബോർസെയാണ് നായികയായി എത്തിയത്. ചിത്രത്തിൽ ദുൽഖർ സൽമാന്റെ മുഖത്ത് ഒന്നിലധികം തവണ അടിക്കുന്ന സീനുണ്ട് ഇത് ചെയ്യാൻ താൻ ഒരുപാട് പാടുപെട്ടുവെന്ന് പറയുകയാണ് നടി ഇപ്പോൾ. എന്നാൽ ആ സീനിന്റെ പൂർണതയ്ക്ക് വേണ്ടിയും യഥാർത്ഥ ഭാവങ്ങൾ വരാനായും അടി ദുൽഖർ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു.
'അത് ചെയ്യാൻ എനിക്ക് ഒരുപാട് സമയമെടുത്തു,. ആ സീൻ ഫേക്കായി ചെയ്യാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. കാരണം എനിക്ക് ഇതുവരെ ആരെയും തല്ലേണ്ടി വന്നിട്ടില്ല. പക്ഷേ ദുൽഖർ സൽമാൻ അത് ശരിക്കും ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ കരുതുന്നു. ആ യഥാർത്ഥ ഭാവം തന്നിൽ നിന്ന് പുറത്തുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനാൽ സഹനടൻ ആഗ്രഹിക്കുന്നത് പോലെ ഞാൻ ചെയ്യേണ്ടിവന്നു,' ഭാഗ്യശ്രീ ബോർസെ പറഞ്ഞു.
അതേസമയം, സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നും, ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഇതിലൂടെ അദ്ദേഹത്തെ തേടിയെത്താൻ സാധ്യതയുണ്ടെന്നും നിരൂപകരും സിനിമാ പ്രേമികളും മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
Content Highlights: Bhagyashree Borse says she was not ready to do the scene slap Dulquer Salmaan