രാജമൗലിയുടെ പോസ്റ്ററും കോൺടെന്റാക്കി കേരള പൊലീസ്, പൃഥ്വിരാജിന് ഹെൽമെറ്റ് വെക്കാമായിരുന്നുവെന്ന് കമന്റ്‌

'ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധ'മെന്നും കേരള പൊലീസ് പോസ്റ്ററിൽ പറയുന്നുണ്ട്.

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ പോസ്റ്റിന് ട്രോളുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.

'ഹെൽമെന്റ് കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ' എന്നാണ് കേരള പൊലീസ് ട്രോളിയിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെന്റ് നിർബന്ധമെന്നും കേരള പൊലീസ് പോസ്റ്ററിൽ പറയുന്നുണ്ട്. 'സത്യമല്ലേ' എന്നാണ് പോസ്റ്ററിന് കേരള പൊലീസ് ക്യാപ്ഷൻ നൽകിയിരുന്നത്. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന പതിവ് നേരത്തെയും കേരള പൊലീസ് പിന്തുടർന്നിട്ടുണ്ട്.

അതേസമയം, വളരെ മോശം പോസ്റ്റർ ആണ് ഇതെന്നും പൃഥ്വിയുടെ തല വെട്ടിയൊട്ടിച്ചത് പോലെയുണ്ടെന്നുമാണ് കമന്റുകൾ. രാജമൗലിയിൽ നിന്ന് ഇതിലും മികച്ച പോസ്റ്റർ പ്രതീക്ഷിച്ചെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ, 24 ലെ സൂര്യയെ പോലെയുണ്ട് എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന മറ്റു കമന്റുകൾ. എഐ പോലെ ഉണ്ട് പോസ്റ്ററെന്നും ഇത്രയും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്ക് ഒരു നല്ല പോസ്റ്റർ ഡിസൈനറെ താങ്ങാൻ കഴിയില്ലേ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

സിനിമയുടെ പേരിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വാരണാസി' എന്നാണ് സിനിമയുടെ പേരെന്നാണ് തെലുങ്ക് ട്രാക്കർമാർ സൂചിപ്പിക്കുന്നത്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്.

Content Highlights:  Kerala Police trolls Rajamouli's movie poster

To advertise here,contact us