ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. സിനിമയുടെ ടൈറ്റിൽ അന്നൗൺസ്മെന്റ് നടക്കാനിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഹൈപ്പ് ഉയർത്തനായി ചിത്രത്തിലെ ഗാനം കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവത്തകർ.
എം എം കീരവാണിയുടെ സംഗീതത്തിൽ ശ്രുതി ഹാസൻ ആലപിച്ച ഗാനം ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഗ്ലോബ്ട്രോട്ടർ എന്ന ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ടൈറ്റിൽ അന്നൗൺസ്മെന്റ് ആൺ സിനിമയുടേതായി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. നവംബർ 15 ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ഈ പരിപാടി ജിയോഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. പരിപാടിക്കായി നിർമ്മിക്കുന്ന 100 അടി ഉയരമുള്ള കൂറ്റൻ എൽഇഡി ടവറിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. റെക്കോർഡ് തുകയ്ക്കാണ് ജിയോഹോട്ട്സ്റ്റാർ ഈ പരിപാടിയുടെ സംപ്രേക്ഷണാവകാശം നേടിയതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. കുംഭ എന്ന വില്ലനെ ആണ് സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്കിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററിന് നേരെ ഉയരുന്നത്. വളരെ മോശം പോസ്റ്റർ ആണ് ഇതെന്നും പൃഥ്വിയുടെ തല വെട്ടിയൊട്ടിച്ചത് പോലെയുണ്ടെന്നുമാണ് കമന്റുകൾ. രാജമൗലിയിൽ നിന്ന് ഇതിലും മികച്ച പോസ്റ്റർ പ്രതീക്ഷിച്ചെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ, 24 ലെ സൂര്യയെ പോലെയുണ്ട് എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന മറ്റു കമന്റുകൾ. എഐ പോലെ ഉണ്ട് പോസ്റ്ററെന്നും ഇത്രയും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്ക് ഒരു നല്ല പോസ്റ്റർ ഡിസൈനറെ താങ്ങാൻ കഴിയില്ലേ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്.
Content Highlights: The makers of Rajamouli-Mahesh Babu's film have released the first song