'പണമല്ല, പത്ത് പേര് വേണം...ആളില്ലാത്ത കാരണം അമരം റീ റിലീസ് ഷോ നടന്നില്ല'; വൈറലായി കുറിപ്പ്

ലോഹിതദാസ് എന്ന വലിയ എഴുത്തുകാരന്റെ സ്വന്തം നാട്ടിലെ തിയറ്ററിൽ നിന്നാണ് ഷോ നടക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മമ്മൂട്ടി ചിത്രം അമരം 4K ദൃശ്യ മികവിൽ വെള്ളിയാഴ്ച റീ റിലീസായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. 35 വർഷങ്ങൾക്ക് ശേഷം ഈ സൂപ്പർഹിറ്റ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ വിചാരിച്ച കാണികൾ കാണാൻ എത്തുന്നില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോൾ റീ റിലീസിന്റെ പരസ്യ പ്രചാരണം വേണ്ടത്ര ഇല്ലാതിരുന്നതിനാൽ തിയറ്ററുകളിൽ ആളില്ലാതെ ഷോ നടക്കാതെ ഇറങ്ങി പോരേണ്ടി വന്നുവെന്ന് പറയുകയാണ് ഒരു പ്രേക്ഷകൻ. ഷാജി ടി യു എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ചാലക്കുടിയിലെ തിയേറ്ററിൽ പത്ത് പേര് പോലും തികച്ചില്ലാത്തതിനാൽ ഷോ നടക്കാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു. ലോഹിതദാസ് എന്ന വലിയ എഴുത്തുകാരന്റെ സ്വന്തം നാട്ടിലെ തിയറ്ററിൽ നിന്നാണ് ഷോ നടക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'അമരം' റീമാസ്റ്റര്‍ പ്രിന്റില്‍ കാണാനുള്ള ആഗ്രഹം കൊണ്ട് ഇന്നലെ രാത്രി 10:15-നുള്ള ഷോയ്ക്ക് ചാലക്കുടി ഡി സിനിമാസില്‍ പോയി.വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം അമ്മയുടെ ചോദ്യം: "ഏത് പാതിരാത്രിക്കാ ഇനി തിരിച്ച് വരിക?"റീറിലീസ് പരസ്യപ്രചാരണം വളരെ ശോകമെന്ന് തോന്നിയതുകൊണ്ട് ആളുണ്ടാകുമെന്ന് ഉറപ്പില്ല."ചിലപ്പോ ഇപ്പൊത്തന്നെ തിരിച്ച് വന്നേക്കും?""അതെന്ത് സിനിമ?"വിശദീകരിക്കാന്‍ നില്‍ക്കാനുള്ള സമയമില്ലാത്തോണ്ട് ഇറങ്ങി.പ്രതീക്ഷിച്ചതുപോലെ തീയറ്ററില്‍ എത്തിയപ്പോള്‍ നാലഞ്ച് പേര്‍ കൌണ്ടറിനരികെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്. നമ്മ പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ സംശല്യ…അങ്ങോട്ട്‌ ചെന്നപ്പോള്‍ അവരില്‍ രണ്ടുപേര്‍ പ്രതീക്ഷാപൂര്‍വ്വം എന്നെ നോക്കി. അപ്പൊ ബാക്കിയുള്ള മൂന്നുപേര്‍? അവര്‍ സിനിമ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞ കാരണം 'ഡിയസ് ഇറേ'ക്ക് കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുന്നവരാണ്.സൊ, ഞാനടക്കം മൂന്നുപേർ മാത്രം.!!ഇടയ്ക്ക് കൂട്ടത്തിലൊരുത്തൻ കൗണ്ടർ പയ്യനോട്: "എത്രപേർ വേണമെന്നാ പറഞ്ഞേ?""പത്താള് വേണം ചേട്ടാ…"അഞ്ച് മിനിറ്റ് ബാക്കിയുണ്ട്. പ്രതീക്ഷയുടെ തരിമ്പ് വെട്ടവുമായി ഡി സിനിമാസിന്റെ പടി കടന്ന് ഒരു വണ്ടിയും വരുന്നില്ല.എന്നെപ്പോലെയല്ല മറ്റ് രണ്ടുപേർ, അവർ സിനിമ കണ്ടിട്ടേ വീട്ടിലേക്കുള്ളൂ എന്ന മട്ടിലുള്ള സംസാരം ആയപ്പോൾ പ്രതീക്ഷയുണ്ടായി."താൻ എന്തായാലും ഉണ്ടല്ലോ…""ഉണ്ട്." ഞാൻ മറുപടി പറഞ്ഞു.അതിനിടയിൽ പത്ത് മിനിറ്റ് താമസിച്ചാലും 'ഡിയസ് ഇറേ' കാണാമെന്ന് അതിനായി വന്ന മൂന്നുപേർ തീരുമാനിച്ചു. അവരെ അട്ടിമറിക്കാമെന്ന പ്രതീക്ഷയും പോയി."എന്താ ചെയ്യാ..?"ക്ഷമ നശിച്ച രണ്ടാമൻ നേരെ കൗണ്ടറിൽ ചെന്ന്…"ചേട്ടാ… പത്ത് ടിക്കറ്റ് ഞാനെടുക്കാം. സിനിമ കളിക്കുമല്ലോ…"അങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആലോചിച്ചപ്പോൾ, ഇറങ്ങിപ്പുറപ്പെട്ടതല്ലേ. രണ്ടോ-മൂന്നോ ടിക്കറ്റിന് പണം മുടക്കിയാലും കുഴപ്പമില്ലെന്ന് തോന്നി.പക്ഷേ, കൗണ്ടറിൽ നിന്നുള്ള പ്രതികരണം അസാധാരണമായിരുന്നു."അത് പറ്റില്ല. ആളായി പത്തുവേണം.""നിങ്ങൾക്ക് പണം കിട്ടിയാൽ പോരെ?""പോരാ… ആള് വേണം."ആൾ ക്ഷമാപൂർവ്വം പറഞ്ഞു നോക്കി. പയ്യൻ വഴങ്ങിയില്ല.മാനേജരെ നേരിയ പരിചയമുണ്ട്. ആ സമയത്ത് നോക്കിയപ്പോൾ ആളെ കണ്ടതുമില്ല.സമരം വിജയിക്കില്ലെന്ന് കണ്ട ഞങ്ങൾ മൂന്നുപേരും പുറത്തേക്കിറങ്ങി.ഓരോ സിനിമയ്ക്കും അതിന്റെതായ കാണികളുണ്ടെന്ന് ഉറച്ച വിശ്വാസം എന്നുമുണ്ട്. ആ കാണികളെങ്കിലും അറിയാവുന്ന പരസ്യമോ പ്രചാരണമോ ഇല്ലെങ്കിൽ തീയറ്ററിലേക്ക് ആളുകൾ വരില്ല. റീറിലീസായ ആദ്യദിവസം ചാലക്കുടിയിലെ ഒരേയൊരു സെന്ററിൽ കേവലം രണ്ടാമത്തെ ഷോയ്ക്ക് ഏറ്റവും ചുരുങ്ങിയ എണ്ണത്തിൽ പോലും ആളുണ്ടാകാതിരിക്കണമെങ്കിൽ… വെറുതെ ലോഹിതദാസ് മനസ്സിലേക്ക് വന്നു. ആ വലിയ എഴുത്തുകാരന്റെ സ്വന്തം നാട്ടിലെ തീയറ്ററിൽ നിന്നാണ് ഷോ നടക്കാതെ ഇറങ്ങിപ്പോരേണ്ടി വരുന്നത്.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ കിടന്നിട്ടില്ല."സിനിമ കഴിഞ്ഞോ?""ഇല്ല. ആളില്ലാത്ത കാരണം ഷോ നടന്നില്ല."തുറുപ്പിച്ച് നോക്കിയിട്ട്…"നീയെന്തിനാ മനുഷ്യന്മാരൊന്നും കാണാത്ത പടത്തിന് പോണേ?"ഇതൊക്കെ അമ്മയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്. ഉറങ്ങാൻ പോകുന്നതാകും ഭേദമെന്ന് തോന്നി.ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയിൽ കൂടി ഒരു ശ്രമം നടത്താമെന്ന് തീരുമാനിച്ചു. ഇതേ പ്രാന്തുള്ള ആരെങ്കിലും ഇത് കാണാനൊന്നും സാധ്യതയില്ല. എന്നാലും അഥവാ കാണുന്നുവെങ്കിൽ അങ്ങോട്ട് വരൂ…

Content Highlights: Mammoottys re release Amaram dont have minimum occupany in theatres

To advertise here,contact us