ലോക റിലീസിന് മുൻപ് തനിക്ക് ഉണ്ടായിരുന്ന പേടിയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി കല്യാണി പ്രിയദർശൻ. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഭയപ്പെട്ടുവെന്നും ഇവിടെ ഒരു സിനിമ ഇറങ്ങിയാൽ അതിനെ അന്താരാഷ്ട്ര ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമെന്നും നടി പറഞ്ഞു. ഇപ്പോൾ വളരെ പോസിറ്റീവായി ലോകയെക്കുറിച്ച് സംസാരിക്കുമ്പോൾ വളരെ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'ഒരു സ്ത്രീ കേന്ദ്രീകൃത സൂപ്പർ ഹീറോ ചിത്രത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഞങ്ങൾ ഭയപ്പെട്ട കാര്യം ഇവിടെ അതിനെ താരതമ്യം ചെയ്യാൻ മറ്റൊരു ചിത്രമില്ല എന്നതായിരുന്നു. താരതമ്യപ്പെടുത്തലുകൾ ഇഷ്ടപ്പെടുന്ന സംസ്കാരമാണ് നമ്മുടേത്. അപ്പോള് നമ്മളിതിനെ അന്താരാഷ്ട്ര ചിത്രങ്ങളുമായി താരതമ്യപ്പെടുത്തും. ഇതിനേക്കാള് ഇരുപതും മുപ്പതുമിരട്ടി ബജറ്റുള്ള ചിത്രങ്ങളുമായി നമ്മള് താരതമ്യം ചെയ്യും. അതുകൊണ്ട് ഞങ്ങളുടെ ഏറ്റവും വലിയ പേടി, താരതമ്യം ചെയ്യാൻ ഇവിടെ ഒന്നുമില്ല എന്നതും, ആ അന്താരാഷ്ട്ര സിനിമകളുടെ അടുത്തുപോലും നമ്മൾ എത്തിയേക്കില്ല എന്നതുമായിരുന്നു. എന്റെ ആദ്യ അഭിമുഖങ്ങളിൽ സംസാരിക്കുമ്പോള് ഞാന് അത് ശ്രധികുമായിരുന്നു'.
'ഇത് അവഞ്ചേഴ്സ് അല്ല എന്നും എന്റെ കഥാപാത്രം വണ്ടര് വുമണ് പോലെ ഒന്നായിരിക്കുമെന്ന് ദയവായി പ്രതീക്ഷിക്കരുതെന്നും ഞാന് നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും ഇപ്പോൾ താരതമ്യം ചെയ്യുന്നത് കാണുമ്പോള് സന്തോഷം തന്നെയാണ് തോന്നുന്നത്. ഇത്രയും പോസിറ്റീവായി അതേക്കുറിച്ച് സംസാരിക്കുമ്പോൾ വളരെ സന്തോഷമുണ്ട്. നമ്മുടെ നാട്ടിലെ എല്ലാ നായകന്മാരും പലതരത്തില് സൂപ്പര് ഹീറോകളായതിനാലാണ് ഇവിടെ സൂപ്പര് ഹീറോ ഴോണറിലുള്ള ചിത്രങ്ങള് അധികം ഉണ്ടാകാതിരുന്നതെന്നും"- കല്യാണി പറയുന്നു. അവര് ഭൂഗുരുത്വാകര്ഷണത്തെ വെല്ലുവിളിക്കുകയും അമാനുഷികമായ കാര്യങ്ങള് ചെയ്യുകയും ചെയ്യും. അവരുടെ സിനിമകളെ നമ്മള് സൂപ്പര് ഹീറോ ചിത്രങ്ങള് എന്ന് വിളിക്കാറില്ലെന്നേയുള്ളൂ. അവര് എല്ലായ്പ്പോഴും നായകന്മാരാണ്', കല്യാണി പറഞ്ഞു.
അതേസമയം, ലോക ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിംഗ് ചെയ്യുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
Content Highlights: Kalyani Priyadarshan Talks about her fear before Lokah Release