പ്രണവിന്റെ അഭിനയം അൽ പാച്ചിനോയെ ഓർമിപ്പിച്ചു, നീ ലാലിന്റെ ചക്കരക്കുട്ടൻ തന്നെ; അഭിനന്ദിച്ച് ഭദ്രൻ

'പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർമുഖം ഉടനീളം കണ്ടു'

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറേയെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. വ്യത്യസ്തമായ ആഖ്യാനമാണ് സിനിമയുടേതെന്നും കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ താൻ മുൾമുനയിൽ നിന്നെന്നും ഭദ്രൻ പറഞ്ഞു. പ്രണവിന്റെ അഭിനയം ഹോളിവുഡ് ഇതിഹാസം അല്‍ പാച്ചിനോയെ ഓർമിപ്പിച്ചെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാഹുൽ സദാശിവന്റെ "ഭൂതകാലം" അന്ന് കണ്ടപ്പഴേ അത്യപൂർവമായ ഒരു സിനിമയായി തോന്നി. പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു. ഇപ്പോൾ ഇറങ്ങിയ "ഡീയസ് ഈറേ" എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാൻ മനസ്സിൽ ഒരു ത്വരയുണ്ടായി. ഈ സിനിമകളുടെ ജോണറുകളിൽ എല്ലാം സമാനതകൾ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി. സത്യസന്ധമായ ഒരു ഉള്ളടക്കം പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ മുൾമുനയിൽ തന്നെ നിന്നു. ഞാൻ അടക്കം. അഭിനന്ദനങ്ങള്‍ രാഹുല്‍. പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർമുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച അൽ പാച്ചിനോയെ ഞാൻ ഓർത്തുപോയി.

സ്ഥിരം സിനിമകളിൽ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളൊ അല്ലാത്ത ഒരു വേഷവിധാനത്തിനും പ്രാധാന്യം നൽകാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉൾക്കൊണ്ട്, വരച്ച വരയിൽ നിന്ന് ഇഞ്ചോടിഞ്ച് ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു. പ്രണവ്, നീ ലാലിന്റെ ചക്കരക്കുട്ടൻ തന്നെ. ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും സൈലെൻസുകളും സൗണ്ട് ഡിസൈനും എല്ലാത്തിനേയും സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയൻറ് ബാക്ക്ഗ്രൗണ്ട് സ്കോറും ഗംഭീരം. ക്രിസ്റ്റോയ്ക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും. നിനക്ക് ആകാശമാണ് അതിര്.

സിനിമ 50 കോടി കളക്ഷനാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറി. ഇപ്പോഴിതാ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

Content Highlights: Bhadran praises Pranav mohanlal and dies irae

To advertise here,contact us