ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം). കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിലെത്തി വലിയ വിജയം നേടിയ സിനിമ 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. എആർഎമിലെ പ്രകടനത്തിലൂടെ ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും ടൊവിനോ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇൻഡ്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ തിരഞ്ഞെടുത്തിരിക്കുകയാണ്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
ഈ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് ARM എന്നതും ശ്രദ്ധേയമാണ്. നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ചിത്രം കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലും മൂന്നു അവാർഡുകളുമായി തിളങ്ങിയിരുന്നു. ചിത്രത്തിൽ മൂന്ന് റോളുകളിലായിരുന്നു ടൊവിനോ എത്തിയത്. ഇതിൽ മണിയൻ എന്ന കള്ളന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' സിനിമയും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം.
Content Highlights: Tovino Thomas' film ARM to be screened at International Film Festival