സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത സിനിമയാണ് 'പരം സുന്ദരി'. വലിയ ട്രോളുകളാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിൽ മലയാളത്തെയും മലയാളികളെയും ചിത്രീകരിച്ച വിധം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ മലയാളികളെയും മലയാള സിനിമയെയും വലിയ ബഹുമാനമാനമുള്ള നടിയാണ് ജാൻവി കപൂർ എന്ന് പറയുകയാണ് നടൻ റോഷൻ മാത്യു. ഭയങ്കര ഡെഡിക്കേറ്റഡ് ആയി കഠിനാധ്വാനം ചെയ്യുന്ന നടിയാണ് അവർ. ആത്മാര്ത്ഥമായി തന്നെ മെച്ചപ്പെടണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നും ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ റോഷൻ പറഞ്ഞു.
'ഭയങ്കര ഡെഡിക്കേറ്റഡ് ആയി കഠിനാധ്വാനം ചെയ്യുന്ന നടിയാണ്. ആത്മാര്ത്ഥമായി തന്നെ മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്നുണ്ട് അവര്. മലയാള സിനിമയോടും മലയാളത്തില് നിന്നും വരുന്നവരോടും വളരെയധികം ബഹുമാനമുണ്ട്. നമ്മുടെ സിനിമകളൊക്കെ വേറെ ലെവല് ആണെന്ന രീതിയില് കാണുന്നയാളാണ്. നമ്മള് ചെയ്യുന്ന വര്ക്കൊക്കെ സസൂക്ഷ്മം പിന്തുടരും. പരം സുന്ദരിയിൽ മലയാളം പിടിച്ചത് പാളിപ്പോയെങ്കിലും മൊത്തത്തില് മലയാള സിനിമയോടും ഇവിടെയുള്ള ആളുകളോടും ബഹുമാനമുണ്ട്. ഇവിടുത്തെ പരിപാടികളൊക്കെ കണ്ട് പ്രചോദനം ഉള്ക്കൊള്ളാറുണ്ട്.
'കുറേയൊക്കെ എഴുത്തിലുള്ള പ്രശ്നമാണ്. അവസാന നിമിഷം ഇതിലേക്ക് കയറി വരുന്ന അഭിനേതാക്കള് വിചാരിച്ചാല് മാത്രം ശരിയാകില്ല. അവരുടെ ഭാഗത്തു നിന്നും എഫേര്ട്ടിടണം എന്നത് സത്യമാണ്. അവിടുത്തെ പ്രേക്ഷകര്ക്ക് ഇതൊക്കെ മതിയാകും എന്ന് തോന്നുന്നു. മലയാളം എന്തെന്ന് അറിയാത്ത, ശബ്ദം പോലും കേട്ടിട്ടില്ലാത്തവര്ക്ക് എന്ത് മനസിലാകാനാണ്', റോഷന്റെ വാക്കുകൾ.
ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.
Content Highlights: Roshan Mathew about Janvi kapoor