ഒരുപാട് സിനിമകൾ വർക്ക് ചെയ്ത നടന്റെ കൂടെ ഷൂട്ട് ചെയുമ്പോൾ എന്തൊക്കെ കൂടുതൽ തരുമെന്ന് അറിയാമെന്ന് ഛായാഗ്രാഹകൻ പി സുകുമാർ. മോഹൻലാലിനോട് പറഞ്ഞാൽ പറഞ്ഞതിന്റെ ഇരട്ടി തരുമെന്നും ഓരോ ഷോട്ടിലും അദ്ദേഹം അത്ഭുതപ്പെടുത്തുമെന്നും സുകുമാർ പറഞ്ഞു. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം.
'ഒരു നടന്റെ കൂടെ കുറച്ചധികം വർക്ക് ചെയ്താൽ മനസിലാകും ഷോട്ട് എടുക്കുമ്പോൾ ഇവർ എന്തൊക്കെ കൂടുതൽ തരുമെന്ന്…ലാലേട്ടനോട് പറഞ്ഞാൽ പറഞ്ഞതിന്റെ ഇരട്ടി തരും, അദ്ദേഹം ഓരോ ഷോട്ടിലും അത്ഭുതപ്പെടുത്തും. അയാൾ കഥയെഴുതുകയാണ് സിനിമയിൽ മോഹൻലാൽ ഷോക്ക് അടിച്ച് വീണിട്ട് രണ്ടാമത് ഒന്ന് വിറക്കുന്നുണ്ട്. അതൊക്കെ അദ്ദേഹം കയ്യിൽ നിന്ന് ഇട്ടതാണ്. ചോദിച്ചു ചോദിച്ചു പോകാമെന്ന് പറയുന്ന സീൻ കണ്ടിട്ട് പലരും എന്നോട് ചോദിച്ചു അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന്…രാവിലെ ഏഴ് മണിക്ക് പച്ചയ്ക്ക് എടുത്ത സീനാണ് അത്. മദ്യപാനിയായി അഭിനയിക്കാൻ ലാലേട്ടന് വല്ലാത്തൊരു കഴിവാണ്', പി സുകുമാർ പറഞ്ഞു.
നിരവധി സിനിമകൾക്ക് ക്യാമറ കൈകാര്യം ചെയ്ത വ്യക്തിയാണ് പി സുകുമാർ. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് 1998ൽ പുറത്തിറങ്ങിയ ചിത്രമാണ്. ആറാം തമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം സുകുമാർ മോഹൻലാലിന് ഒപ്പം ചെയ്ത സിനിമയാണ് അത്. ശ്രീനിവാസൻ തിരക്കഥ രചിച്ച ചിത്രത്തിന്റെ ഇപ്പോഴും ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്.
Content Highlights: Cinematographer P Sukumar talks about mohanlals acting in Ayal Kadhayezhuthukayanu