മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഗൗരി കിഷൻ. നടിയുടെ തമിഴ് ചിത്രം അദേഴ്സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ ബോഡിഷെയ്മിങ് ചെയ്ത യൂട്യുബർക്ക് ചുട്ടമറുപടി നൽകുന്ന ഗൗരിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്മയി.
'ഗൗരി എടുത്തത് മികച്ചൊരു തീരുമാനം ആണ്. അനാദരവോടെയും അനാവശ്യമായും ചോദിച്ച ചോദ്യത്തെ എതിർക്കുമ്പോൾ ആക്രോശങ്ങളും എതിർപ്പുകളും ഉയരുന്നത് സാധാരണമാണ്. ഇത്രയും ചെറുപ്പത്തിൽ ഒരാൾ തന്റെ നിലപാടിൽ ഉറച്ചുനിന്നതിൽ അഭിമാനമുണ്ട്. ഒരു നടനോട് തന്റെ ഭാരം എത്രയാണെന്ന് ആരും ചോദിക്കില്ല. ഒരു നടിയോട് അവർ ഇത്തരമൊരു ചോദ്യം ചോദിച്ചത് എന്തിനെന്ന് എനിക്ക് മനസിലാകുന്നില്ല', എന്നായിരുന്നു ചിന്മയി എക്സിൽ കുറിച്ചത്.
നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യുബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗൗരിക്ക് പിന്തുണയുമായി സുപ്രിയ മേനോനും എത്തിയിരുന്നു. 'ജേർണലിസത്തിന്റെ പേരിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ?. അവർക്ക് ചുട്ട മറുപടി നൽകിയതിൽ അഭിനന്ദനം', എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സുപ്രിയ കുറിച്ചത്.
താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും വീഡിയോയിൽ യൂട്യുബർ വാദിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്.
Gowri did an amazing job. The moment you call out a disrespectful and an unnecessary question - a whole lot of shouting down happens. So proud that someone so young stood her ground and pushed back.No male actor gets asked what his weight is. No idea why they asked a female… pic.twitter.com/BtKO6U7lpQ
ഇത്തരം ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകിയ ഗൗരിയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. എന്നാൽ പ്രസ് മീറ്റിൽ നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധയകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Content Highlights: Chinmayi supports Gouri