'ഈ സിനിമയ്ക്ക് ശേഷം ദുൽഖർ നടിപ്പ് ചക്രവർത്തി എന്ന് അറിയപ്പെടും'; പ്രശംസിച്ച് റാണ ദഗ്ഗുബാട്ടി

മികച്ച പ്രകടനമാണ് ദുൽഖർ കാന്തയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും താൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്നും റാണ പറഞ്ഞു

ദുൽഖർ സൽമാനെ പുകഴ്ത്തി നടൻ റാണ ദഗ്ഗുബാട്ടി. കാന്ത സിനിമയിൽ മികച്ച പ്രകടനമാണ് ദുൽഖർ സൽമാൻ കാഴ്ചവെച്ചിരിക്കുന്നതെന്നും താൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്നും റാണ പറഞ്ഞു. ഈ സിനിമ ഇറങ്ങിയ ശേഷം തമിഴ്നാട് മുഴുവൻ ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്ത എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് റാണ ദഗ്ഗുബാട്ടി ഇക്കാര്യം പറഞ്ഞത്.

#RanaDaggubati About #DulquerSalmaan #Kaantha సినిమా తర్వాత DQ ని నట చక్రవర్తి అని పిలుస్తారు. pic.twitter.com/w3w2q91tBo

'കാന്തയിൽ സംവിധായകന്റെ വേഷം ചെയ്തത് സമുദ്രക്കനിയാണ്. കാന്തയുടെ സെറ്റിൽ സംവിധായകൻ സെൽവയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന പോലെ സമുദ്രക്കനി പ്രവർത്തിച്ചു. നവംബർ 14-ന് കാന്ത റിലീസാവുന്നതോടെ തമിഴ്നാട് മൊത്തം ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിളിക്കുമെന്ന് സെൽവ പറഞ്ഞിട്ടുണ്ട്. എനിക്കും അക്കാര്യത്തിൽ ഉറപ്പുണ്ട്. ഇന്ത്യയിൽ ആരെങ്കിലും ഒരു പീരിയോഡിക് കഥ എഴുതുകയാണെങ്കിൽ ആദ്യം മനസിൽ വിചാരിക്കുക ദുൽഖറിനെയായിരിക്കുമെന്ന് തോന്നുന്നു. അതിനുശേഷം മാത്രമാവും മറ്റൊരാളെ വിചാരിക്കുക. എന്റെ സുഹൃത്തും സിനിമയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരാളുമാണ് ദുൽഖർ. പക്ഷേ ഈ സിനിമ കണ്ടശേഷം ഞാൻ അദ്ദേഹത്തിന്റെ ആരാധകൻകൂടിയായി', റാണ പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. റാണ ദഗ്ഗുബതി പോലീസ് വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. നിമിഷനേരം കൊണ്ട് തന്നെ ട്രെയ്‌ലർ ആരാധരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. നവംബർ 14 ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights: Rana Daggubati praises Dulquer Salmaan on Trailer launch event of Kaantha

To advertise here,contact us