ലോഹിതദാസ് ഈ കഥ എഴുതാൻ കാരണം മമ്മൂട്ടി, അമരത്തിന്റെ ചെലവ് അന്നത്തെ ബിഗ് ബജറ്റ് സിനിമയേക്കാൾ ഇരട്ടി; നിർമാതാവ്

അമരത്തിന്റെ ചെലവ് അന്നത്തെ ബിഗ് ബജറ്റ് സിനിമയേക്കാൾ ഇരട്ടിയായെന്ന് നിർമാതാവ് ബാബു തിരുവല്ല

ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് അമരം. മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി 34 വർഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അമരം എത്തും. ഇപ്പോഴിതാ അമരം സിനിമയുടെ ഓർമകൾ പങ്കിടുകയാണ് നടൻ അശോകനും നിർമാതാവ് ബാബു തിരുവല്ലയും. സിനിമയിൽ അഭിനയിക്കുമ്പോൾ ഇത്രയും വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്കാലത്ത് 50 ലക്ഷത്തിനും മുകളിൽ ആയിരുന്നു സിനിമയുടെ ബജറ്റെന്നും നിർമാതാവ് പറഞ്ഞു. ജിൻഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അമരം സിനിമ അത്രയും കളക്ഷൻ നേടുമെന്നോ എന്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ ഞാൻ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത് ജനങ്ങൾ സിനിമയേയും കഥാപാത്രത്തെയും ഏറ്റെടുത്തു. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലർ കമന്റുകൾ പറയാറുണ്ട്. രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ട്,' അശോകൻ പറഞ്ഞു.

അമരം സിനിമയുടെ ബജറ്റ് അക്കാലത്ത് 50 ലക്ഷത്തിനും മുകളിൽ ആയിരുന്നുവെന്ന് സിനിമയുടെ നിർമാതാവ് ബാബു തിരുവല്ല പറഞ്ഞു.'കൊമ്പൻ സ്രാവിനെ പിടിക്കുന്ന സീനുകളെല്ലാം കടലിൽ പോയി എടുത്തതാണ്. വേറെ ടെക്‌നിക്കുകൾ ഒന്നുമില്ല അക്കാലത്ത്. ലോഹിതദാസ് ഈ കഥ എഴുതാനുള്ള കാരണക്കാരൻ മമ്മൂട്ടിയാണ്. വേറെ ഒരാളായിരുന്നു പ്ലാൻ ചെയ്തിരുന്നു. പിന്നീട് അത് വേണ്ടെന്ന് വെച്ചു. അന്ന് 20 - 50 ലക്ഷം ഉണ്ടെങ്കിൽ ബിഗ് ബജറ്റ് സിനിമയെടുക്കാം. അതിനേക്കാൾ ഇരട്ടിയായി അമരത്തിന്. കാരണം കടലിൽ വെച്ചാണ് ഷൂട്ട് ചെയുന്നത്,' ബാബു തിരുവല്ല കൂട്ടിച്ചേർത്തു.

അതേസമയം, 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്.മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി. മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി.ടി. വിജയന്‍, ബി.ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.

സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും തുടരുകയാണ്. കൂടാതെ ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ഇടംപിടിച്ചിരുന്നു. ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയില്‍ ആ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനായത് മധു അമ്പാട്ടായിരുന്നു.

Content Highlights: Producer talks about the budget of the movie Amaram

To advertise here,contact us