നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അന്സാര് കലാഭവന്. മമ്മൂട്ടിയ്ക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കിടുകയാണ് അദ്ദേഹം ഇപ്പോൾ. മമ്മൂക്കയോട് ഒന്ന് രണ്ട് കഥകൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പുള്ളിക്കൊപ്പം സിനിമ ചെയ്യണമെങ്കിൽ ഒന്നുകിൽ വലിയ സംവിധായകനായിരിക്കണം അല്ലെങ്കിൽ ഒരു പരിചയവുമില്ലാത്ത, കുറേ ഇംഗ്ലീഷ് വാക്കുകൾ പറയുന്ന ആളായിരിക്കണമെന്നും പറയുകയാണ് അൻസാർ. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മമ്മൂക്കയോട് ഞാൻ ഒന്ന് രണ്ട് കഥകൾ പറഞ്ഞിരുന്നു. അതിലൊന്നാണ് ജോസേട്ടന്റെ ഹീറോ. പണ്ട് വാത്സല്യം സിനിമയുടെ സമയത്ത് അദ്ദേഹത്തിന്റെ സന്തതസഹചാരി ഞാനാണ്. പുള്ളി രാവിലെ വീട്ടിൽ വരും. ഞാൻ പല്ല് തേച്ചിട്ട് പോലുമുണ്ടാകില്ല. എഴുന്നേൽക്കെടോ വാ പോകാം എന്ന് പറയും. പോകുന്ന വഴി എന്നോട് കഥകൾ പറയും. ജോണി വാക്കറുടെ കഥ പുള്ളി കാറിലിരുന്ന് എന്നോട് പറഞ്ഞതാണ്. കൗരവർ എന്ന സിനിമയുടേതും. കൗരവറിലെ ക്ലെെമാക്സ് എനിക്ക് ഭയങ്കര ഇഷ്ടമായി.
ഇത് അപാരമാണെന്ന് ഞാൻ പറഞ്ഞു. പുള്ളിക്ക് അതൊക്കെ ഭയങ്കര ഇൻസ്പിറേഷൻ. ചിലത് എനിക്കിഷ്ടമായില്ലെന്ന് പറയും. അതെന്താ തനിക്കിഷ്ടപ്പെടാത്തത്, അത് ഇങ്ങനെയല്ലേ, അങ്ങനെയല്ലേ എന്ന് പറയും. അപ്പോൾ ചൂടാകും. എനിക്കിഷ്ടമായില്ലെന്ന് ഞാൻ പറയും. ഒരു സിനിമയുടെ കഥ പറഞ്ഞപ്പോൾ ഒരു സീനിൽ ആളുകൾ കൂവുമെന്ന് ഞാൻ പറഞ്ഞു. 'അത് തനിക്ക് തോന്നുകയാണ്, ഞാനിപ്പോൾ ഇറക്കി വിടുമെന്നായി' അദ്ദേഹം. 'ഇറക്കി വിട്ടോ എന്ന് ഞാനും'. അങ്ങനെ ആ സിനിമ മുന്നോട്ട് പോയി. സിനിമ ഇറങ്ങി. കറക്ട് ഞാൻ പറഞ്ഞ സ്ഥലത്ത് ആളുകൾ കൂവി. അന്ന് രാത്രി അദ്ദേഹം എന്നെ വിളിച്ചു. 'നീ പറഞ്ഞത് ശരിയാണ്, അതിൽ എന്തോ പ്രശ്നം ഉണ്ട്' എന്ന് പറഞ്ഞു.
അങ്ങനെ സമ്മതിക്കും. പക്ഷെ കഥ പറയാൻ പോയാൽ സമ്മതിക്കില്ല. എനിക്കൊരു സ്ക്രിപ്റ്റ് താ എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരു ത്രെഡ് ഉണ്ടെന്ന് പറഞ്ഞപ്പോൾ വേണ്ട, ത്രെഡ് ഒന്നും പറയേണ്ടെന്ന് പറഞ്ഞു. പുള്ളിക്കൊപ്പം സിനിമ ചെയ്യണമെങ്കിൽ ഒന്നുകിൽ വലിയ സംവിധായകനായിരിക്കണം. അല്ലെങ്കിൽ ഒരു പരിചയവുമില്ലാത്ത, കുറേ ഇംഗ്ലീഷ് വാക്കുകൾ പറയുന്ന ആളായിരിക്കണം. അങ്ങനെയുള്ളവരെ ശ്രദ്ധിക്കും,' അൻസാർ കലാഭവൻ പറഞ്ഞു.
Content Highlights: Ansar Kalabhavan shares his experience with Mammootty