'ഒരു വൈകുന്നേരം നമുക്ക് കൂടണം'; ലാലേട്ടന്റെ പിറന്നാൾ ആശംസയ്ക്ക് മറുപടിയുമായി ഷാരൂഖ് ഖാൻ

'താങ്കളെയും ഭാര്യയെയും അവാർഡ് ദാന ചടങ്ങിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം'

ബോളിവുഡ് കിംഗ് ഖാൻ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാൻ. കഴിഞ്ഞ ദിവസമായിരുന്നു നടൻ്റെ പിറന്നാൾ. വലിയ ആഘോഷത്തോടെയാണ് ആരാധകർ നടന്റെ പിറന്നാൾ വരവേറ്റത്. സിനിമാരംഗത്ത് നിന്നുള്ള നിരവധി പേരും താരത്തിന് ആശംസകളുമായി എത്തി. നടൻ മോഹൻലാലും ഷാരൂഖ് ഖാന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ബോളിവുഡ് ബാദ്‌ഷാ.

'നന്ദി, താങ്കളെയും ഭാര്യയെയും അവാർഡ് ദാന ചടങ്ങിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു വൈകുന്നേരം നമുക്കൊന്ന് ഒത്തുകൂടണം. അത് ഉടൻ സംഭവിക്കട്ടെ', എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. നേരത്തെ മോഹൻലാലും ഷാരൂഖ് ഖാനും നാഷണൽ അവാർഡ് വേദിയിൽ വെച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും കെട്ടിപ്പിടിക്കുന്നതും സന്തോഷത്തോടെ സംസാരിക്കുന്നതും ചിത്രങ്ങളിലും വീഡിയോകളിലും കാണാമായിരുന്നു.

Thank u, was lovely to see u and your wife at the awards. Still need to catch up one evening, will make it happen soon. https://t.co/Kxgyu38YER

അതേസമയം, ഷാരൂഖിന്റെ പുതിയ സിനിമയായ കിംഗിന്റെ ടീസർ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവന്നിരുന്നു. കൊടൂര മാസ്സ് ആക്ഷൻ രംഗങ്ങൾ അടങ്ങിയ വീഡിയോയാണ് ഇന്ന് ഷാരൂഖിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത്. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്.

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.

Content Highlights: Shahrukh Khan's reply to Mohanlal's birthday wishes goes viral

To advertise here,contact us