

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനിടെ പ്രത്യേക അഭിനന്ദനവുമായി ജൂറി ചെയർമാൻ പ്രകാശ് രാജ്. പണി സിനിമയിലെ ചെറുപ്പക്കാരുടെ ഗംഭീര പ്രകടനത്തെയാണ് അദ്ദേഹം പ്രശംസിച്ചത്. സാഗർ സൂര്യയും ജുനൈസും ആണ് ആ കഥാപാത്രങ്ങൾ ചെയ്തത്. മലയാള സിനിമയിൽ ഇങ്ങനെ ചെറുപ്പക്കാർ ഉണ്ടാകുന്നത് സന്തോഷമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
'പണി സിനിമയിലെ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു.അവർ വളരെ ഭംഗിയായി നെഗറ്റീവ് റോൾ ചെയ്തു. മലയാള സിനിമയിൽ ഇങ്ങനെ ചെറുപ്പക്കാർ ഉണ്ടാകുന്നത് സന്തോഷം', പ്രകാശ് രാജ് പറഞ്ഞു. ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രമാണ് പണി. ആദ്യ സംവിധാന സംരംഭമായിട്ടും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചത്. അതിലെ പ്രധാന വേഷം ചെയ്ത രണ്ടു ചെറുപ്പക്കാരാണ് സാഗർ സൂര്യയും ജുനൈസും ഇരുവരുടെയും പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയുടേതായിരുന്നു അവാർഡ് നിർണയം.
Content Highlights: Prakash Raj applauds young actors in joju george movie pani