ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. എസ്എസ്എംബി 29 യുടെ അപ്ഡേറ്റ് നവംബറിൽ എത്തുമെന്നും മുമ്പ് ഒരിക്കലും കാണാത്ത ഒരു വെളിപ്പെടുത്തലാക്കി ഇതിനെ മാറ്റാൻ ഞങ്ങൾ ശ്രമിക്കുകയാണ് എന്നും രാജമൗലി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലോഞ്ചിനെക്കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്തുവരുകയാണ്.
നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് സിനിമയുടെ ലോഞ്ച് എന്നാണ് വിവരം. ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രധാന പ്രഖ്യാപനങ്ങൾ നടത്തും. ഈ പരിപാടി ജിയോഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിക്കായി നിർമ്മിക്കുന്ന 100 അടി ഉയരമുള്ള കൂറ്റൻ എൽഇഡി ടവറിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. റെക്കോർഡ് തുകയ്ക്കാണ് ജിയോഹോട്ട്സ്റ്റാർ ഈ പരിപാടിയുടെ സംപ്രേക്ഷണാവകാശം നേടിയതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
100ft LED .... Never Before 🔥#SSMB29 #GlobeTrotter pic.twitter.com/CiWpE2YXXJ
അതേസമയം, സിനിമയുടെ പേരിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വാരണാസി' എന്നാണ് സിനിമയുടെ പേരെന്നാണ് തെലുങ്ക് ട്രാക്കർമാർ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ പുറത്തിറക്കുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെ ആർആർആർ കണ്ടിട്ട് രാജമൗലിയെ ജെയിംസ് കാമറൂൺ അഭിനന്ദിച്ചിരുന്നു.
ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന ഒരു അവാർഡ് നിശയ്ക്കിടെയാണ് രാജമൗലിയെ ജെയിംസ് കാമറൂൺ വാനോളം പുകഴ്ത്തിയത്.ആർ ആർ ആറിന്റെ മേക്കിങ്ങും തിരക്കഥയും ഇഷ്ടമായെന്നും പറഞ്ഞ കാമറൂൺ സിനിമയിലെ ഓരോ രംഗങ്ങളെപ്പറ്റിയും എടുത്തു പറഞ്ഞു അഭിനന്ദിച്ചു. എന്നെങ്കിലും ഹോളിവുഡിൽ ഒരു സിനിമ ചെയ്യണമെന്ന് തോന്നിയാൽ നമുക്ക് സംസാരിക്കാമെന്നും അന്ന് രാജമൗലിയോട് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു.
പൃഥ്വിരാജ് സുകുമാരനും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Crores spent for rajamouli film launch