'കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ…പക്ഷേ ഇവിടെ ഇരുട്ട് ആണെന്ന് പറയരുത്'; ബാലതാരത്തിനുള്ള അവാർഡ് നൽകാത്തതിൽ ദേവനന്ദ

രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ അത് അവർക്ക് ഒരു ഊർജം ആയേനെയെന്നും ദേവനന്ദ പറഞ്ഞു

'കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ…പക്ഷേ ഇവിടെ ഇരുട്ട് ആണെന്ന് പറയരുത്'; ബാലതാരത്തിനുള്ള അവാർഡ് നൽകാത്തതിൽ ദേവനന്ദ
dot image

55-ാമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ പ്രകാശ് രാജ് കുട്ടികളുടെ ചിത്രം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബാലതാരം ദേവനന്ദ. ജൂറി ചെയർമാനായ പ്രകാശ് രാജ് കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്ന് ദേവനന്ദ. രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെയെന്നും കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ…പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്നും ദേവനന്ദ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ദേവനന്ദ ഈ കുറിപ്പ് പങ്കുവെച്ചത്.

'നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ…പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാർത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്സും, ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ'.

'കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിഷേധിച്ച് കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം', ദേവനന്ദ പറഞ്ഞു.

'ഇത്തവണ മികച്ച ബാലതാരത്തിനും കുട്ടികളുടെ ചിത്രത്തിനും ഉള്ള അവാർഡ് നൽകിയില്ല. കാരണം ഞങ്ങൾ ഒരു സിനിമയും ആ വിഭാഗത്തിൽ കണ്ടില്ല. സിനിമാ മേഖലയോട് ഈ കാര്യത്തിൽ ഒരു അഭ്യർത്ഥന മാത്രം കുട്ടികൾക്ക് വേണ്ടിയുള്ള സിനിമകളും ഒരുക്കുക. സിനിമ പ്രവർത്തകർ ഓർക്കേണ്ട ഒരു കാര്യമുണ്ട് നമ്മുടെ സൊസൈറ്റിയിൽ മുതിർന്നവരും ചെറുപ്പക്കാരും മാത്രമല്ല ഉള്ളത് കുട്ടികൾക്കും ഒരു ഇടമുണ്ട്. അവർ എന്താണ് ആലോചിക്കുന്നതും ചെയ്യുന്നതും എന്താണ് അവരുടെ ലോകമെന്നും അറിയിക്കണം. ചില കുട്ടികൾ നായകന്റെ മക്കൾ ആയി സിനിമയിൽ അഭിനയിച്ചാൽ അത് കുട്ടികളുടെ സിനിമ ആകില്ല. ഒരു ചിത്രവും കുട്ടികളുടെ കാഴ്‌ചപ്പാടിൽ പറയുന്നതായി കണ്ടില്ല. അതുകൊണ്ട് ജൂറി സിനിമാ മേഖലയിൽ ഉള്ളവരോട് കുട്ടികളുടെ സിനിമകൾ നിർമ്മിക്കാൻ അപേക്ഷിക്കുന്നു', പ്രകാശ് രാജിന്റെ വാക്കുകൾ.

അതേസമയം, മികച്ച ബാലതാരത്തിനുള്ള അവാർഡ് നൽകാത്തതിൽ സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സഹാതിരക്കഥാകൃത്ത് ആനന്ദ് മന്മഥൻ പ്രതികരിച്ചിരുന്നു. ഈ സിനിമ ജൂറി കാണാതെ പോയതിൽ വിഷമം ഉണ്ടെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചു. കൂടാതെ സ്‌കൂൾ ചലേ ഹം എന്ന സിനിമയുടെ സംവിധായകൻ ശ്രീകാന്തും ഫേസ്ബുക്കിൽ ഇതിന് എതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

Content Highlights: Child Artist Devanandha reacts on Kerala State award and jurys statement

dot image
To advertise here,contact us
dot image