വലിയ നടന്റെ ഏഴ് മാനേജർമാർ ശാസിച്ചു, തിരക്കഥ അവർക്ക് നൽകി ആ സിനിമ ഞാൻ ഉപേക്ഷിച്ചു; അനുരാഗ് കശ്യപ്

, ഓരോ നടനും അവരുടേതായ മേക്കപ്പ് പേഴ്‌സൺ, ഹെയർ സ്റ്റൈലിസ്റ്റ്, പിആർ, സോഷ്യൽ മീഡിയ മാനേജർ എന്നിവരുമായാണ് എത്തുന്നത്, ഇത് ചെലവ് വർദ്ധിപ്പിക്കുന്നു

ബോളിവുഡിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. ബോളിവുഡ് സിനിമകളിൽ നേരിട്ട അവഗണയും അനുഭവിച്ച ബുദ്ധിമുട്ടുകളും എല്ലാം അനുരാഗ് കശ്യപ് നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹിന്ദി സിനിമയിൽ അനാവശ്യ ചിലവുകളിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടൻ. ബോളിവുഡിലെ ഒരു നടന് നേരിട്ട് മെസ്സേജ് അയച്ചതിന് താരത്തിന്റെ ഏഴ് മാനേജർമാർ തന്നെ ശാസിച്ച സംഭവവും അനുരാഗ് കശ്യപ് ഓർത്തു. ഗെയിം ചെയ്ഞ്ചേഴ്സ് എന്ന യൂട്യൂബ് ഷോയിൽ സംസാരിക്കവെയാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം.

‌'ഇപ്പോൾ, ഓരോ നടനും അവരുടേതായ മേക്കപ്പ് പേഴ്‌സൺ, ഹെയർ സ്റ്റൈലിസ്റ്റ്, പിആർ, സോഷ്യൽ മീഡിയ മാനേജർ എന്നിവരുമായാണ് എത്തുന്നത്, ഇത് ചെലവ് വർദ്ധിപ്പിക്കുന്നു. മുൻപ് അഭിനേതാക്കൾ ഒരു വാനിറ്റി വാൻ പങ്കിടുമായിരുന്നു. എന്നാൽ ഗ്യാങ്സ് ഓഫ് വസേപുർ ചെയ്യുമ്പോൾ എല്ലാവരും പുറത്ത് കസേരകളിൽ ഇരിക്കുകയായിരുന്നു. ഇന്ന് ഒരു നടന് മൂന്ന് വാനുകൾ വരെ ഉണ്ട്. ഒരെണ്ണം മീറ്റിംഗുകൾക്ക്, ഒന്ന് വിശ്രമിക്കാൻ, മറ്റൊന്ന് അസിസ്റ്റൻ്റുമാർക്ക് വേണ്ടി', അനുരാഗ് കശ്യപ് പറഞ്ഞു.

'ഒരിക്കൽ, ഞാൻ ഒരു ഭാഷാ പരിശീലന കളരിക്കായി ഒരു നടന് നേരിട്ട് സന്ദേശമയച്ചു. ആ നടൻ മറുപടി നൽകിയില്ല. പകരം, അദ്ദേഹത്തിൻ്റെ ഏഴ് മാനേജർമാർ എന്നെ കാണാൻ വന്നു. അവർ ചോദിച്ചത്, 'നിങ്ങൾക്ക് എങ്ങനെ ഒരു നടന് ഇങ്ങനെ സന്ദേശമയക്കാൻ കഴിയും' എന്നായിരുന്നു. എല്ലാം തീരുമാനിച്ചിരുന്നത് ആ ഏഴു പേരായിരുന്നു. ആ സംഭവം എന്നെ വളരെയധികം നിരാശനാക്കി. ഇക്കാരണംകൊണ്ട് ഞാൻ ആ സിനിമ ഉപേക്ഷിച്ചു. തിരക്കഥ എഴുതിയത് ഞാനായിരുന്നു, പക്ഷേ ഞാനത് അവർക്ക് സമ്മാനമായി നൽകി. എനിക്ക് അദ്ദേഹത്തിൻ്റെ പേര് പറയാൻ കഴിയില്ല. കാരണം അദ്ദേഹം ഒരു വലിയ നടനാണ്,' അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

Content Highlights: Anurag Kashyap on unnecessary expenses in Bollywood cinema

To advertise here,contact us