മൂന്നു സംസ്ഥാനങ്ങളിലെ നാല് എഫ്ഐആറിലും 'ദൃശ്യം മോഡൽ' കൊലപാതകം, പഠനം അന്താരാഷ്ട്ര ജേണലിലും

സിനിമയെ അനുകരിച്ച് നടത്തിയ നാലു കൊലപാതകങ്ങളിൽ രണ്ടെണ്ണം കേരളത്തിലാണ്. ഒന്ന് ‍‍ഡൽഹിയിലും മറ്റൊന്ന് രാജസ്ഥാനിലുമാണ്.

തൃശ്ശൂർ: ദൃശ്യം സിനിമയുടെ ചുവടുപിടിച്ചുള്ള കൊലപാതകങ്ങളെ സംബന്ധിച്ച പഠനം അന്താരാഷ്ട്ര ജേണലിലും. സിനിമ കണ്ടതിനുശേഷം ഇതേരീതിയിൽനടന്ന കൊലപാതകങ്ങളെപ്പറ്റിയുള്ള അന്വേഷണമാണ് പഠന റിപ്പോർട്ടിലേക്കെത്തിയത്. സിനിമയെ അനുകരിച്ച് നടത്തിയ നാലു കൊലപാതകങ്ങളിൽ രണ്ടെണ്ണം കേരളത്തിലാണ്. ഒന്ന് ‍‍ഡൽഹിയിലും മറ്റൊന്ന് രാജസ്ഥാനിലുമാണ്.

നാല് എഫ്ഐആറിലും 'ദൃശ്യം മോഡൽ' എന്ന് പരാമർശിക്കുന്നുണ്ട്. ഇതിനെപ്പറ്റി പഠനം നടത്തിയത് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിലെ എഎസ്ഐ ഡോ. പി.എൻ. വിനോദ്‌കുമാറാണ്. ഗവേഷണ ബിരുദമുള്ള വിനോദ്‌കുമാർ അക്കാദമിയിലെ ഗവേഷണ-പ്രസിദ്ധീകരണ വിഭാഗത്തിലാണ്. ഇന്റർനാഷണൽ റിസർച്ച് ജേണൽ ഓഫ് മോ‍ഡേൈണസേഷൻ ഇൻ എൻജിനീയറിങ് ടെക്നോളജി ആൻഡ് സയൻസിലാണ് പഠനം പ്രസിദ്ധപ്പെടുത്തിയത്. ബെംഗളൂരുവിലെ സെയ്ന്റ് ജോസഫ്സ് കോളേജ് ഓഫ് കൊമേഴ്സിലെ ഡോ. ഷാനു എൻ. നാസറും പഠനത്തിൽ പങ്കാളിയായി.

കൊല്ലത്ത് 2015-ൽ ഒരു സ്ത്രീയുടെ മൃതദേഹം ഒരു വീടിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്, മലപ്പുറത്ത് 2016-ൽ പുരുഷൻ ഭാര്യയെ കൊലപ്പെടുത്തി പുതുതായി നിർമിച്ച ഒരു വീടിനടിയിൽ കുഴിച്ചിട്ടത്, ഡൽഹിയിൽ 2015-ൽ പുരുഷൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി വിദൂരസ്ഥലത്ത് കുഴിച്ചിട്ടത്, രാജസ്ഥാനിൽ 2016-ൽ ഒരു കുടുംബം ഒരു കൊലപാതക ഇരയുടെ മൃതദേഹം ഒരു ഭൂഗർഭസ്ഥലത്ത് ഒളിപ്പിച്ചത് എന്നീ കേസുകളുടെ എഫ്ഐആറിലാണ് ദൃശ്യം മോഡൽ എന്ന പരാമർശമുള്ളത്.

കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാധ്യമക്കാഴ്ചകൾ യഥാർഥ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുവെന്ന് ഈ കേസുകൾ എടുത്തുകാണിക്കുന്നുവെന്ന് പഠനം പറയുന്നു. കലകളുടെ സാമൂഹിക സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. സിനിമയിലെ കുറ്റകൃത്യങ്ങളെ അനുകരിക്കുന്നതിന്റെ കാരണം കുറ്റങ്ങളുടെ സാധാരണവത്കരണവും വീരോചിതമായ ചിത്രീകരണവുമാണ്. കുറ്റവാളികളെ ഉയർത്തിക്കാട്ടുന്നവർക്ക്, അവ അനുകരിക്കാൻ ചെറിയ കൂട്ടത്തെ പ്രചോദിപ്പിക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. നിയമ നീതിന്യായ സംവിധാനത്തെ ഉയർത്തിപ്പിടിക്കുന്ന ഉത്തരവാദിത്വ കഥപറയലാണ് വേണ്ടതെന്നും പഠനം സമർഥിക്കുന്നു.

Content Highlights: Study on Drishyam Model Murders by kerala police

To advertise here,contact us