'താലിയെ അങ്ങേയറ്റം തരം താഴ്ത്തിക്കൊണ്ടുള്ള ഡയലോഗ്', ഡ്യൂഡ് സിനിമയെ വിമർശിച്ച് സംവിധായകൻ ഭാഗ്യരാജ്

'താലിയെ തരം താഴ്ത്തിക്കൊണ്ടുള്ള ഈ ഡയലോഗ് എനിക്ക് ഒരുകാലത്തും അംഗീകരിക്കാനാകില്ല. അത് എത്ര നല്ല സിനിമയാണെന്ന് പറഞ്ഞാലും എനിക്ക് യോജിക്കാനാകില്ല'

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ 'താലി' സീനിനെതിരെ വിമർശനം ഉയരുകയാണ്. താലിയെ അങ്ങേയറ്റം തരം താഴ്ത്തിക്കൊണ്ടുള്ള ഡയലോഗ് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് നടനും സംവിധായകനുമായ ഭാഗ്യരാജ് പറഞ്ഞു.

'ഡ്യൂഡ് എന്ന പടം കണ്ടു. അതിലെ ഒരു സീനിൽ നായകൻ ഒരു ഡയലോഗ് പറയുന്നുണ്ട്. 'എല്ലാവരും താലിയുടെ മഹത്വം മാത്രമേ കാണുന്നുള്ളൂ, എന്നാൽ അതിന്റെ പിന്നിലുള്ള പെൺകുട്ടിയുടെ ഫീലിങ്സിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല' എന്നാണ് ആ ഡയലോഗ്. ആരാണ് ഇത് എഴുതിയതെന്ന് എനിക്കറിയില്ല. ഒട്ടും അംഗീകരിക്കാനാകാത്ത ഡയലോഗാണ് എനിക്ക് ഇത്. കല്യാണത്തിന് മുമ്പ് പെൺകുട്ടിക്ക് ഒരുപാട് ആളുകളോട് ഇഷ്ടം തോന്നിയിട്ടുണ്ടാകാം. അതുപോലെ ആൺകുട്ടിക്കും മറ്റ് പെൺകുട്ടികളോട് ഇഷ്ടം തോന്നിയിട്ടുണ്ടാകാം.

എന്നാൽ എപ്പോൾ ആ പെണ്ണിന്റെ കഴുത്തിൽ താലി കയറുന്നുവോ, ആ നിമിഷം രണ്ടുപേരുടെയും കഴിഞ്ഞകാലത്തെ ഓർമകളെല്ലാം മായ്ച്ച് പുതിയ ജീവിതത്തിലേക്ക് കടക്കും. പിന്നീടുള്ള കാലം അവർ രണ്ടു പേരും 'എനിക്ക് നീ, നിനക്ക് ഞാൻ' എന്ന രീതിയിൽ ജീവിക്കണം. അതിന് കാരണമാകുന്നത് ഒരു താലിയാണ്. ആ താലിയെ അങ്ങേയറ്റം തരം താഴ്ത്തിക്കൊണ്ടുള്ള ഈ ഡയലോഗ് എനിക്ക് ഒരുകാലത്തും അംഗീകരിക്കാനാകില്ല. അത് എത്ര നല്ല സിനിമയാണെന്ന് പറഞ്ഞാലും എനിക്ക് യോജിക്കാനാകില്ല,' ഭാഗ്യരാജ് പറയുന്നു.

I don’t agree with the disrespectful term said by movie #Dude ~ Dir/Actor #Bhagyaraj Usually men & women both will have their own life pasts & travel, but when they are coming together for a marriage phase of their life & commitment of their life partner, the ritual “ Thali “… pic.twitter.com/8QRqS3SOw1

സിനിമയിൽ മറ്റൊരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ച സ്ത്രീയെ ഭാര്യയാക്കിയതിൽ സംവിധായകൻ മോഹൻ ജി വിമർശിച്ചിരുന്നു. 'സിനിമയുടെ ആശയങ്ങളെ സാധാരണവൽക്കരിക്കാനും ന്യായീകരിക്കാനും അദ്ദേഹം ശ്രമിച്ചതായി തോന്നുന്നു, സിനിമയുടെ രണ്ടാം പകുതിയിലെ സംഭവങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതായി തോന്നുന്നു. നായകന്റെ സ്വന്തമല്ലാത്ത ഒരു കുട്ടിക്ക് ആദ്യാക്ഷരം നൽകുന്നത് കാണുന്നത് അസ്വസ്ഥത സൃഷ്ടിക്കുന്നു' എന്നാണ് മോഹൻ ജി പറഞ്ഞിരുന്നത്.

നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.

Content Highlights: Director Bhagyaraj criticizes the movie Dude

To advertise here,contact us