ബാഹുബലി എന്ന സിനിമ കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് രാജമൗലി. ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത പത്ത് വർഷം തികയുന്ന വേളയിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ റീ റിലീസിന് എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ആരാധകരിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ആഗോളതലത്തിൽ ചിത്രം ആദ്യ ദിനം 16.35 കോടി നേടിയതായാണ് റിപ്പോർട്ട്.
സാക്നില്കിന്റെ കണക്ക് പ്രകാരം ഇന്ത്യയില് നിന്ന് ചിത്രം 10.4 കോടിയാണ് നേടിയത്. ഇന്ത്യയിലെ ഗ്രോസ് 12.35 കോടി രൂപ. വിദേശത്തുനിന്ന് മറ്റൊരു 4 കോടി. അങ്ങനെ ആഗോള ബോക്സ് ഓഫീസില് നിന്ന് ചിത്രം 16.35 കോടിയാണ് നേടിയിരിക്കുന്നത്. റീ റിലീസിലും സിനിമ മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. വരും ദിവസങ്ങൾ സിനിമയുടെ ഇനിയും ഉയരാനാണ് സാധ്യത.
'ബാഹുബലി ദി എപ്പിക്ക്' എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്തിരിക്കുന്നത്. 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പാണ് ഇത്തവണ സിനിമയുടേതായി പുറത്തിറങ്ങിയത്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 42 മിനിറ്റും രണ്ടാം പകുതി രണ്ട് മണിക്കൂർ എട്ട് മിനിറ്റുമാണ് നീളം. ആദ്യ പകുതിയിൽ ബാഹുബലി ഒന്നാം ഭാഗവും രണ്ടാം പകുതിയിൽ സിനിമയുടെ രണ്ടാം ഭാഗവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്റെ സംഗീത സംവിധായകന് എം എം കീരവാണിയാണ്.
Content Highlights: Baahubali Epic earns crores in re-release too, first day collection report