മണി സാറിനെ തൃപ്തിപ്പെടുത്താൻ സാധിച്ചതിൽ സന്തോഷം, വലിയ അംഗീകാരമായാണ് കാണുന്നത്; മാരി സെൽവരാജ്

മണി രത്‌നം ബൈസൺ സിനിമയെ അഭിനന്ദിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് മാരി സെൽവരാജ്

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ. മികച്ച പ്രതികരണം നേടുന്ന സിനിമ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം മരിസെൽവ രാജിനെ അഭിനന്ദിച്ചിരിക്കുകയാണ് മണി രത്‌നം. തന്റെ 'പരിയേറും പെരുമാൾ' മുതൽ എല്ലാ പടവും അദ്ദേഹം കണ്ടിട്ടുണ്ടെന്ന് മാരി സെൽവരാജ് പറഞ്ഞു. സിനി ഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ബൈസൺ സിനിമ കണ്ടിട്ട് മണി രത്‌നം സാർ വിളിച്ച് അഭിനന്ദിച്ചു. നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന് എന്റെ സിനിമകളെല്ലാം ഇഷ്ടമാണ്. പരിയേറും പെരുമാൾ മുതൽ എന്റെ എല്ലാ പടവും അദ്ദേഹം കണ്ടിട്ടുണ്ട്. അദ്ദേഹം എപ്പോഴും എനിക്ക് സപ്പോർട്ടായി നിന്നിട്ടുണ്ട്. എപ്പോൾ കണ്ടാലും ഒരുപാട് നേരം സംസാരിക്കും, നല്ല രീതിയിൽ പെരുമാറും. അതൊന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. ബൈസൺ കണ്ടിട്ട് അദ്ദേഹം മെസേജയക്കുമെന്ന് ഒരിക്കലും കരുതിയില്ല. അദ്ദേഹത്തിന് വാഴൈ കാണിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. അന്ന് അധികം സംസാരിച്ചില്ല.

പക്ഷേ, ബൈസൺ കണ്ട ഉടനെ അദ്ദേഹം എനിക്ക് മെസേജയച്ചു. 'എനിക്ക് പടം വല്ലാത്ത ഷോക്കാണ്' എന്നായിരുന്നു പറഞ്ഞത്. അത് കേട്ടപ്പോൾ സന്തോഷമായി. വളരെ ഓഥന്റിക്കായ വർക്കാണെന്നെല്ലാം പറഞ്ഞത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നത്. മണി സാറിനെയെല്ലാം തൃപ്തിപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമാണ്,' മാരി സെൽവരാജ് പറഞ്ഞു.

ദീപവലി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ബൈസൺ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.

Content Highlights: Mari Selvaraj says Mani Ratnam's praise for Bison is a great recognition

To advertise here,contact us