മലയാളത്തിൽ അഭിനയിക്കുമ്പോൾ ഗോസിപ്പുകളെ ഭയന്നിരുന്നില്ല,' മോഹിനി

മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മോഹന്ലാലിനൊപ്പവും മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിച്ച അനുഭവവും നടി പങ്കുവെച്ചു

മലയാളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുള്ള നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നടി. മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ ഗോസിപ്പുകളെ ഭയന്നിലായിരുന്നുവെന്നും പോസിറ്റീവ് സമീപനമാണ് ലഭിച്ചതെന്നും മോഹിനി പറഞ്ഞു. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്നും എന്നാൽ മമ്മൂട്ടിയുമായി നന്നായി സംസാരിച്ചിരുന്നുവെന്നും മോഹിനി കൂട്ടിച്ചേർത്തു. ടൂറിങ് ടോക്കീസ് എന്ന തമിഴ് അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

തമിഴ് സിനിമയിലെ ചില വേഷങ്ങൾക്ക് വേണ്ടി ധരിച്ച വസ്ത്രങ്ങളിൽ ഞാനൊട്ടും കംഫർട്ടബിൾ ആയിരുന്നില്ല. മാത്രമല്ല തമിഴിൽ ഉണ്ടായിരുന്ന പോലെ ഗോസിപ്പ് ഇവിടെ ഉണ്ടാകുമെന്ന ഭയവും എനിക്ക് ഇല്ലായിരുന്നു. ആദ്യമൊന്നും മലയാളം അറിയില്ലായിരുന്നു. പിന്നീട് പഠിക്കേണ്ടി വന്നു എന്നാൽ അതിനെയും പോസിറ്റീവ് ആയിട്ടാണ് കണ്ടത്. ഈ കുട്ടിക്ക് മലയാളം പഠിക്കാൻ ആഗ്രഹം ഉണ്ട് ശ്രമിക്കുന്നുണ്ട് എന്നവർ എടുത്തു പറയും,' മോഹിനി പറഞ്ഞു.

മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മോഹന്ലാലിനൊപ്പവും മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിച്ച അനുഭവവും നടി പങ്കുവെച്ചു.'മമ്മൂട്ടിയെ ആദ്യം കണ്ടപ്പോൾ ഞാൻ ആദ്യം പറഞ്ഞത് ‘സാർ എന്റെ അമ്മ നിങ്ങളുടെ ആരാധികയാണെന്നാണ്’ അതുകേട്ട് അത്ര ഇഷ്ട്ടപ്പെടാത്ത അദ്ദേഹം എന്നെ ഇപ്പോഴും കളിയാക്കും. ഞാനും തന്റെ അമ്മയും ഒരേ തലമുറയാണെന്നല്ലേ ഉദ്ദേശിച്ചത്, തന്റെ കൂടെ ഞാൻ എങ്ങനെ ജോഡിയായി അഭിനയിക്കും എന്നൊക്കെ പറഞ്ഞ്. മോഹൻലാലിനൊപ്പം ജോലി ചെയ്തപ്പോൾ ആണ് ശരിക്കും ടെൻഷനടിച്ചത്, കാരണം അദ്ദേഹം വളരെ പതുക്കെയേ സംസാരിക്കൂ, അപ്പോൾ എനിക്ക് മനസിലാകില്ല. അദ്ദേഹം സെറ്റിൽ അധികം ഒന്നും സംസാരിക്കില്ല, നമ്മളെ കണ്ടാൽ കുശലം പറയും. പക്ഷെ വളരെ മികച്ച നടനാണ്, നമ്മളിങ്ങനെ അഭിനയിച്ചാലും പ്രേക്ഷകരുടെ ശ്രദ്ധ ഒപ്പമുള്ള അദ്ദേഹം കൊണ്ടുപോകും” മോഹിനി കൂട്ടിച്ചേർത്തു.

Content Highlights: Actress Mohini talks about acting in Malayalam cinema

To advertise here,contact us