മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങിൽ മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാളസിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ്. ഈ സന്തോഷവാർത്തയും മോഹൻലാൽ പങ്കുവയ്ക്കുകയും ആഷിഷിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുകയും ചെയ്തു.
'ഞാൻ ഒരാളെകൂടെ വേദിയിലേക്ക് വിളിക്കാൻ പോകുകയാണ്. ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്ന ഒരാളാണ് മറ്റാരും അല്ല ആന്റണിയുടെ മകൻ ആണ്. മോനെ വാ.. അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ്. ഇതൊരു കുടുംബ ചിത്രമായി മാറി എന്നല്ല ഞാൻ പറയുന്നത്. ഇതും വളരെ ആകസ്മികമായി സംഭവിച്ച കാര്യമാണ്. സിനിമ എഴുതി വന്നപ്പോൾ ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ചോദിച്ചു. വേറെ ഒരു സിനിമയിൽ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്. മോൻ ഇപ്പോൾ ദുബായിൽ ആണ്. നന്നായി ഫുട്ബാൾ കളിക്കുകയും മാർഷൽ ആർട്ടൊക്കെ ചെയ്യുന്ന ആളാണ്. ഒരുപാട് ക്വാളിറ്റി ഉണ്ട്. ഇതാണോ സിനിമയിലെ അഭിനയം എന്ന് ചോദിച്ചാൽ അല്ല.
അദ്ദേഹം ഒരു ലീഡ് റോൾ ആണ് സിനിമയിൽ ചെയ്യുന്നത്. ആന്റണി ചോദിച്ചു സാറേ ഇതാരെയെങ്കിലും അറിയിക്കണമോയെന്ന് ഞാൻ വേണമെന്ന് പറഞ്ഞു. കുറച്ച് കഴിയുമ്പോൾ എന്തായാലും അറിയുന്നത് അല്ലേ. ആന്റണിയ്ക്കും അതിന്റെ അഭിമാനം ഉണ്ട്. രണ്ടുപേരെയും ഞാൻ ആശംസിക്കുകയാണ്,' മോഹൻലാൽ പറഞ്ഞു.
ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആശിര്വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില് ഡിസെെനും ആ സൂചനകളാണ് നല്കുന്നത്.
content highlights: Mohanlal calls Antony Perumbavoor's son Ashish Antony to the stage