ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് സിനിമയില് നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി സ്വന്തം നാടായ കൊച്ചിയിലേക്ക് തിരിച്ചെത്തി. എട്ട് മാസത്തിന് ശേഷമാണ് നടൻ കേരളത്തില് തിരിച്ചെത്തിയിരിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വമ്പൻ ആഘോഷത്തോടെയാണ് നടനെ സ്വീകരിച്ചത്. മന്ത്രി പി രാജീവ് അടക്കമുള്ളവർ മമ്മൂട്ടിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിൽ എത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില് ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത മമ്മൂട്ടി മഹേഷ് നാരായൺ സിനിമയുടെ സെറ്റിലേക്കാണ് ആദ്യം എത്തിയത്. സിനിമയുടെ ഹൈദരാബാദ് ഷൂട്ടിംഗ് പൂർത്തിയതിന് ശേഷം സംഘം യുകെയിലേക്ക് തിരിച്ചിരുന്നു. ഇപ്പോൾ യുകെയിൽ നിന്ന് കേരത്തിലെത്തിയിരിക്കുകയാണ് നടൻ.
നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്' ആണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്താനുള്ള ചിത്രം. കൊച്ചിയിൽ എത്തിയാൽ ഉടനെ മമ്മൂട്ടി 'കളങ്കാവല്' സിനിമ കാണുമെന്നും റിലീസ് പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര് ആദ്യമോ ആയിരിക്കും കളങ്കാവല് റിലീസ് എന്നാണ് വിവരം. മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിര്മിക്കുന്നത്.
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കൊച്ചിയിലാണ് സിനിമയുടെ ഇനിയുള്ള ചിത്രീകരണം. മോഹന്ലാല്, ഫഹദ് ഫാസില്, കുഞ്ചാക്കോ ബോബന് എന്നിവരും ഈ സിനിമയില് അഭിനയിക്കുന്നുണ്ട്. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്മിക്കുന്നത്. കേരളം, ഡല്ഹി,ശ്രീലങ്ക, ലണ്ടന് എന്നിവിടങ്ങളിലാണ് ചിത്രീകരണം.
Content Highlights: Mammootty returns to Kochi after eight months