ഹർഷവർദ്ധൻ റാണെ, സോനം ബജ്വ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മിലാപ് സവേരി ഒരുക്കിയ റൊമാന്റിക്ക് ഡ്രാമ ചിത്രമാണ് 'ഏക് ദീവാനേ കി ദീവാനിയത്ത്'. കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് വളരെ മോശം അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ് സിനിമ.
പുറത്തിറങ്ങി ഒരു വാരം പിന്നിടുമ്പോൾ 51 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്. ആദ്യ ദിനം 9 കോടി വാരിക്കൂട്ടിയ സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. പുനെ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്. എന്നാൽ സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും പ്രകടനത്തിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ ഇന്റർവെൽ സീൻ ഞെട്ടിച്ചെന്നും കമന്റുകളുണ്ട്.
ദേശി മൂവീസ് ഫാക്ടറിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഷാദ് രൺധാവ, സച്ചിൻ ഖേദേക്കർ, അനന്ത് നാരായൺ മഹാദേവൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സത്യമേവ ജയതേ 2 , മർജാവാൻ എന്നീ സിനിമകൾക്ക് ശേഷം മിലാപ് സവേരി ഒരുക്കിയ സിനിമയാണിത്. സംവിധായകന്റെ മുൻ ചിത്രങ്ങൾ എല്ലാം തന്നെ വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു ഏറ്റുവാങ്ങിയിരുന്നത്. അതേസമയം, ഹർഷവർദ്ധൻ്റെ ചിത്രമായ സനം തേരി കസം നേരത്തെ റീ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് സിനിമക്ക് രണ്ടാം വരവിൽ ലഭിച്ചത്.
രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. എന്നാൽ റീ റിലീസിന് പിന്നാലെ ബോളിവുഡിനെ ഞെട്ടിക്കുന്ന വിജയമാണ് സിനിമ നേടിയത്. 40 കോടിയാണ് സിനിമ റീ റിലീസിൽ വാരികൂട്ടിയത്. ഇത് ചിത്രത്തിന്റെ ലൈഫ്ടൈം കളക്ഷനെക്കാൾ കൂടുതലാണ്. 9 കോടി ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തപ്പോൾ നേടിയത്.
Content Highlights: Ek Deewane ki Deewaniyat box office collection report