സിനിമയിലെ തൊഴിൽ സമയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന. താൻ അധിക സമയം തൊഴിലെടുക്കുന്ന ആളാണെന്നും, എന്നാൽ അഭിനേതാക്കളെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കരുത് എന്നാണ് താൻ പറയാറുള്ളതെന്നും രശ്മിക പറയുന്നു. അഭിനേതാക്കൾക്ക് മാത്രമല്ല സിനിമയിൽ മറ്റു മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും കൃത്യമായ ജോലി സമയം വേണമെന്നും രശ്മിക പറഞ്ഞു.
'ഞാന് അധികം ജോലി ചെയ്യാറുണ്ട്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള് കൂടുതല് ഞാന് ഏറ്റെടുക്കുന്നു. എന്നാൽ അത് ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. സിനിമയുടെ അണിയറപ്രവർത്തകർ പ്രയാസം അനുഭവിക്കുന്നു എന്ന് ഞാന് മനസിലാക്കുമ്പോള്, ലൊക്കേഷന് ഇപ്പോള് മാത്രമേ കിട്ടുകയുള്ളൂ, ചുരുങ്ങിയ സമയത്തിനുള്ളില് ഇത്രയധികം ഷൂട്ട് ചെയ്യേണ്ടതുണ്ട് എന്നെല്ലാം അവര് പറയുമ്പോള് ഞാന് അത് കേള്ക്കുകയും അവര്ക്കൊപ്പം നില്ക്കുകയും ചെയ്യും. എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കരുത് എന്നാണ് ഞാൻ പറയാറ്.
അഭിനേതാക്കള് മാത്രമല്ല സംവിധായകര്, ലൈറ്റ്മാന്, സംഗീതം അങ്ങനെ എല്ലാവര്ക്കും 9 മണി മുതല് ആറ് മണി വരെ, അല്ലെങ്കില് അഞ്ച് മണി വരെ ഒരു സമയം അനുവദിക്കുക. കാരണം ഞങ്ങള്ക്ക് കുടുംബജീവിതത്തില് കൂടി ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തില് ആരോഗ്യവും ഫിറ്റ്നസും ഉള്ളയാളായിരുന്നെങ്കില് എന്ന് ഞാന് പിന്നീട് ഖേദിക്കരുത്', രശ്മികളുടെ വാക്കുകൾ. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
നേരത്തെ ഈ വിഷയത്തിൽ നടി ദീപിക പദുകോൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ നായികയായത് ദീപിക പദുകോൺ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. കൂടുതൽ പ്രതിഫലവും ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്നും നടി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.
നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
Content Highlights: Rashmika about working hours in movie sets