സമാധാനമായി സിനിമ കാണാൻ കഴിയുന്നില്ല, പടത്തിന്റെ അപ്ഡേറ്റ് ചോദിക്കും, ഇപ്പോൾ തിയേറ്ററിൽ പോകാറില്ല; സെൽവ രാഘവൻ

താനിപ്പോൾ തിയേറ്ററിൽ പോയി സിനിമ കാണാറില്ലെന്ന് സംവിധായകൻ സെൽവരാഘവൻ

തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള സംവിധായകനാണ് സെൽവരാഘവൻ. കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം തുടങ്ങി ഇദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. 2010 ൽ കാർത്തി നായകനായി എത്തിയ ആയിരത്തിൽ ഒരുവൻ എന്ന സിനിമയ്ക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റ് ആരാധകർ ചോദിക്കുന്നത് കൊണ്ട് താൻ ഇപ്പോൾ തിയേറ്ററിൽ പോയി സിനിമ കാണാറില്ലെന്ന് സംവിധായകൻ പറഞ്ഞു.

'എനിക്ക് എപ്പോഴും തിയേറ്ററുകളിൽ പോയി സിനിമ കാണാൻ ഇഷ്ടമാണ്. പക്ഷേ ആരാധകർ ആയിരത്തിൽ ഒരുവൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റുകളെക്കുറിച്ച് ചോദിക്കുന്നതിനാൽ ഞാൻ തിയേറ്ററുകളിൽ പോകുന്നത് നിർത്തി, അതിനാൽ എനിക്ക് സമാധാനപരമായി സിനിമകൾ കാണാൻ കഴിയുന്നില്ല,' സെൽവ രാഘവൻ പറഞ്ഞു. ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണെന്നും കഥയിൽ ഒരു തൃപ്തി വരുന്നത് വരെ എഴുത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ റീലീസ് സമയത്ത് ആഘോഷിക്കാതെ ഇപ്പോൾ ഏറ്റെടുത്താൽ എന്താണ് പ്രയോജനം എന്നും സംവിധയകൻ ചോദിച്ചിരുന്നു. 'ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകർ മോശം കാര്യങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് സങ്കടം തോന്നിയത്. ഇന്ന് അവർ ആഘോഷിക്കുകയാണ്, പക്ഷേ ഇപ്പോൾ ആഘോഷിക്കുന്നതിൽ എന്താണ് പ്രയോജനം ?. ധാരാളം പണവും സമയവും നിക്ഷേപിച്ചിട്ടുണ്ട്, റിലീസ് സമയത്ത് തിയേറ്ററുകളിൽ അത് ആഘോഷിക്കണം. അവർ ഇപ്പോൾ അത് ആഘോഷിച്ചാലും എനിക്ക് സന്തോഷമില്ല,' സെൽവരാഘവൻ കൂട്ടിച്ചേർത്തു.

അതേസമയം, സെൽവരാഘവൻ വില്ലനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആര്യൻ ഉടൻ തിയേറ്ററുകളിൽ എത്തും. ഒരു പക്കാ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. കുറെ കൊലപാതകങ്ങളും അതിന് പിന്നാലെ പോകുന്ന വിഷ്ണു വിശാലിന്റെ പൊലീസ് കഥാപാത്രവുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രവീൺ കെ ആണ് സിനിമ തിരക്കഥയെഴുതി സംവിധനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് സിനിമയിലെ നായിക.

Content Highlights: Director Selvaraghavan says he doesn't go to theaters to watch movies anymore

To advertise here,contact us