ഇത് വളരെ മോശമായിപ്പോയി, 'കൽക്കി'യുടെ OTT പതിപ്പിൽ നിന്നും ദീപികയുടെ പേര് വെട്ടി നിർമാതാക്കൾ; പിന്നാലെ വിമർശനം

എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ പ്രവർത്തി മോശമായിപ്പോയി എന്നാണ് ചിലരുടെ അഭിപ്രായം

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ നായികയായത് ദീപിക പദുകോൺ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം സിനിമയുടെ നിർമാതാക്കൾ നേരത്തെ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഭാഗത്തിൽ നിന്നും ദീപികയുടെ പേര് ഒഴിവാക്കിയതായി കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ.

കൽക്കിയുടെ ഒടിടിയിൽ സ്ട്രീം ചെയ്യുന്ന പതിപ്പിലെ എൻഡ് ക്രെഡിറ്റിൽ നിന്നാണ് ഇപ്പോൾ ദീപികയുടെ പേര് ഒഴിവാക്കിയതായി കണ്ടെത്തിയിരിക്കുന്നത്. എൻഡ് ക്രെഡിറ്റിന്റെ സ്ക്രീൻ ഷോട്ടും ചിലർ എക്സിലൂടെ പങ്കുവെക്കുന്നുണ്ട്. കൽകിയിൽ വലിയൊരു റോൾ കൈകാര്യം ചെയ്യുകയും സിനിമയുടെ വിജയത്തിൽ പങ്കുവഹിച്ച ദീപികയുടെ പേര് ഒഴിവാക്കിയത് വളരെ മോശമായിപ്പോയി എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ പ്രവർത്തി മോശമായിപ്പോയി എന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

credits aren’t just names at the end of a movie. They’re acknowledgment, accountability, and respect for the work put in. When someone like Deepika Padukone, who’s played a pivotal role in shaping the emotional core of Kalki, isn’t credited even after months of OTT release pic.twitter.com/IcQOe0qSmW

ചിത്രത്തിൽ സുമതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലെ തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവാണ് ദീപിക പദുകോൺ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തന്റെ ഒപ്പമുള്ള 25 ഓളം ടീമംഗങ്ങൾക്ക് ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ദീപിക ആവശ്യപ്പെട്ടിരുന്നു. ഒപ്പമുള്ള ടീമിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ നടിയോട് അഭ്യർത്ഥിച്ചെങ്കിലും ദീപിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് സൂചന. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം നടി ആവശ്യപ്പെട്ടെന്നും പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തുടർന്ന് ഇതിൽ പ്രതികരണവുമായി ദീപിക എത്തിയിരുന്നു. ഇന്ത്യയിലെ പല സൂപ്പർതാരങ്ങളും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അതൊരിക്കലും ഒരു വാർത്തയായി മാറുന്നില്ലെന്നും ദീപിക പറഞ്ഞു. 'ഇന്ത്യയിലെ പല മെയിൽ സൂപ്പർസ്റ്റാറുകളും ദിവസവും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നത് പക്ഷെ അതൊന്നും ഒരിക്കലും വാർത്തയായിട്ടില്ല. ആരുടേയും പേരെടുത്ത് പറഞ്ഞ് ഇതൊരു വിഷയമാക്കാൻ എനിക്ക് ആഗ്രഹമില്ല. തിങ്കൾ മുതൽ വെള്ളി വരെ മാത്രം ജോലി ചെയ്യുന്ന താരങ്ങൾ വരെ ഇവിടെയുണ്ട്. എന്റെ പോരാട്ടങ്ങൾ എന്നും നിശബ്ദമായിട്ടാണ്. എന്നാൽ ഞാൻ പോലും വിചാരിക്കാത്ത തരത്തിൽ അവ ചിലപ്പോൾ പബ്ലിക് ആയി മാറിയിട്ടുണ്ടാകാം. പക്ഷെ വളരെ മാന്യമായി പോരാടുക എന്നതാണ് എന്റെ രീതി. ഇന്ത്യൻ സിനിമാ വ്യവസായം വളരെ അസംഘടിതമാണ് അതിനെ ഒരുമിപ്പിക്കാനായി ഒരു സംവിധാനം കൊണ്ടുവരേണ്ടത് ആവശ്യമാണ്', ദീപികയുടെ വാക്കുകൾ.

Content Highlights: Deepika's name removed from Kalki 2898AD OTT version

To advertise here,contact us