ദയവായി ആ സിനിമയെ ഫ്ലോപ്പ് എന്ന് പറയരുത്, ചെറിയ ശതമാനം നഷ്ടം മാത്രമാണ് സിനിമയ്ക്ക് ഉണ്ടായത്: നാഗ വംശി

'ഫ്ലോപ്പ് എന്നതിനേക്കാൾ ഒരു എബോവ് ആവറേജ് ആണ് സിനിമ'

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ്ഡം. ജൂലൈ 31 ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ചിത്രത്തിലെ പെര്‍ഫോമന്‍സുകളും അനിരുദ്ധിന്റെ സംഗീതവും പ്രശംസ നേടിയെങ്കിലും തിരക്കഥയിലെ പഴമയായിരുന്നു വില്ലനായത്. ബോക്സ് ഓഫീസിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമയക്കുറിച്ച് നിർമാതാവ് നാഗ വംശി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ചിത്രം ബോക്സ് ഓഫീസിൽ ഫ്ലോപ്പ് അല്ലെന്നും ചെറിയ ശതമാനം നഷ്ടം മാത്രമാണ് സിനിമയ്ക്ക് സംഭവിച്ചത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 'കിംഗ്ഡത്തിനെ ഫ്ലോപ്പ് എന്ന് പറയരുത്. ചിത്രം വാങ്ങിയ വിതരണക്കാർക്ക് 70 - 90 ശതമാനത്തോളം ലാഭമുണ്ടായിട്ടുണ്ട്. പലയിടത്തും സിനിമ ബ്രേക്ക് ഈവൻ ആകുകയും ലാഭമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫ്ലോപ്പ് എന്നതിനേക്കാൾ ഒരു എബോവ് ആവറേജ് ആണ് സിനിമ', നാഗ വംശിയുടെ വാക്കുകൾ. അഭിനേതാവ് എന്ന നിലയില്‍ വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് കിംഗ്ഡം എന്നും മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

ഗൗതം തിന്നൂരി തന്നെ രചനയും നിര്‍വഹിച്ച കിംഗ്ഡത്തിനായി ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമായിരുന്നു. നവീന്‍ നൂലിയായിരുന്നു എഡിറ്റ്. നാഗ വംശി, സായ് സൗജന്യ, അരവിന്ദ് എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം. തിയേറ്ററില്‍ നിന്നും 80 കോടിയോളമാണ് ചിത്രം ആഗോളതലത്തില്‍ സ്വന്തമാക്കിയത്. 130 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രം ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ എത്തിച്ചത്. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വെങ്കിടേഷ് വി പിയുടെ വില്ലന്‍ വേഷം തെന്നിന്ത്യയിലെമ്പാടും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Content Highlights: Naga vamsi about Kingdom movie failure

To advertise here,contact us