

കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്ന കാസ്റ്റിംഗ് കോൾ വീഡിയോ ശ്രദ്ധേയമാകുന്നു. എ ഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച വീഡിയോയിൽ വൈക്കം മുഹമ്മദ് ബഷീറാണ് അഭിനേതാക്കളെ തേടുന്നത്. കോഴിക്കോട് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതി യുവാക്കളെ തേടുന്നതായി അറിയിക്കുന്ന വീഡിയോ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
'ഫ്രം ദി മേക്കേഴ്സ് ഓഫ് സെക്കന്റ് ഷോ' എന്ന വിശേഷണവുമായി എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവെച്ച് കഴിഞ്ഞു. വീഡിയോയിലെ ചില 'ഹിഡൻ ഡീറ്റൈൽസും' ആരാധകർ കണ്ടെത്തിയിട്ടുണ്ട്. 18 നും 25 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളെ ക്ഷണിക്കുന്ന പോസ്റ്ററിന്റെ താഴെ ഒളിഞ്ഞിരിക്കുന്ന ഒരു വരി, തൊട്ടപ്പുറത്തെ കവലയിൽ കുരുടിയും പിള്ളേരും കാണും, ദം ഉള്ളവർ കേറി പോര്.." എന്നിവയാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്.
ഇത് ശ്രീനാഥിന്റെ ആദ്യ ചിത്രമായ ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമാണോ എന്ന തരത്തിൽ ആണ് ചർച്ചകൾ പുരോഗമിക്കുന്നത്. ബ്ലൂ വെയിൽ മോഷൻ പിക്ചർസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ചുള്ളഎ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. പി ആർ ഒ - റോജിൻ കെ റോയ്.
Content Highlights: Casting Call video goes viral