ലോകയേക്കാൾ മാസ് ആണ് 'താമ' എന്ന് കമന്റ്, ഒടുവിൽ പരാമർശത്തിൽ വ്യക്തത വരുത്തി ആയുഷ്മാൻ ഖുറാന

'ലോകയുടെ റിലീസ് സമയത്ത് ഞാൻ അലഹബാദിൽ ഷൂട്ടിങിലായിരുന്നു, എന്നാൽ സിനിമ അവിടെ റിലീസ് ആയില്ല'

‘ലോക’ സിനിയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വ്യക്തത വരുത്തി ആയുഷ്മാൻ ഖുറാന. ‘ലോക’ മികച്ച സിനിമയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും താൻ ആ സിനിമയുടെ വലിയ ആരാധകനാണെന്നും ആയുഷ്മാൻ ഖുറാന പറഞ്ഞു. ബോളിവുഡ് ബബിൾ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആയുഷ്മാൻ ഖുറാന. താമ ലോകയേക്കാൾ മാസ് ആയിരിക്കും എന്നായിരുന്നു മുൻപ് ആയുഷ്മാൻ ഖുറാന പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ മറ്റൊരു തരത്തിലാണോ പ്രേക്ഷകർ‌ക്കിടയിൽ എത്തിയത് എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു നടന്റെ മറുപടി. 'ലോക ഗംഭീര സിനിമയാണ്. ഞാൻ നല്ല ഉദ്ദേശ്യത്തിലാണ് ആ സിനിമയെക്കുറിച്ച് അങ്ങനെ പറഞ്ഞത്. ഹിന്ദി മാർക്കറ്റിൽ സിനിമ കുറച്ചുകൂടി എത്തപ്പെടണം എന്നതാണ് പറയാൻ ശ്രമിച്ചത്. ലോകയുടെ റിലീസ് സമയത്ത് ഞാൻ അലഹബാദിൽ ഷൂട്ടിങിലായിരുന്നു, എന്നാൽ സിനിമ അവിടെ റിലീസ് ആയില്ല. അതുകൊണ്ട് ആ സമയത്ത് എനിക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ ‘താമ’ അവിടെ റിലീസുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ എത്തിയപ്പോഴാണ് ഞാൻ ‘ലോക’ കണ്ടത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർക്കും ചിത്രത്തിന്റെ മുഴുവൻ ടീമിനും ഞാൻ ആശംസ അറിയിക്കുന്നു', എന്നാണ് ഇപ്പോൾ ആയുഷ്മാൻ ഖുറാന പറഞ്ഞത്.

മഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് താമ. ആയുഷ്മാൻ ഖുറാന, രശ്‌മിക മന്ദാന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21 ന് തിയേറ്ററിലെത്തി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയെന്നാണ് പ്രതികരണങ്ങൾ. അതേസമയം, ഗംഭീര കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അതേസമയം, ലോക ഒക്ടോബർ 31 മുതൽ ഒടിടിയിലെത്തും. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.

Content Highlights: Ayushman Khurrana explains his comments about Lokah

To advertise here,contact us