ഞാൻ ഒരു മുഴുക്കുടിയൻ ആയിരുന്നു, പരിധിവിട്ട മദ്യപാനം എന്നെ ഒരു വെൽനെസ് സ്പായിൽ കൊണ്ടെത്തിച്ചു: അജയ് ദേവ്ഗൺ

'കുടിക്കാത്തവര്‍ക്ക് വേണ്ടിയുള്ളതല്ല മദ്യം എന്ന് ആളുകളോട് പറയുന്നിടം വരെ ഒരുഘട്ടത്തില്‍ ഞാന്‍ എത്തി'

തന്റെ മദ്യപാനശീലത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് താരം അജയ് ദേവഗണ്‍. താൻ നന്നായി കുടിച്ചിരുന്ന ആളാണെന്നും എന്നാൽ ഒരു ഘട്ടത്തിൽ അത് പരിധിവിട്ടെന്നും പറയുകയാണ് നടൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അജയ് ദേവ്ഗൺ തന്റെ മദ്യപാന ശീലത്തിനെക്കുറിച്ച് മനസുതുറന്നത്‌.

'ഞാന്‍ നന്നായി കുടിച്ചിരുന്നയാളാണ്. കുടിക്കാത്തവര്‍ക്ക് വേണ്ടിയുള്ളതല്ല മദ്യം എന്ന് ആളുകളോട് പറയുന്നിടം വരെ ഒരുഘട്ടത്തില്‍ ഞാന്‍ എത്തി. പരിധിക്കുള്ളില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് ഇത് കുഴപ്പമല്ല. എന്നാല്‍ ഞാന്‍ പരിധിവിട്ടാണ് കുടിച്ചിരുന്നത്. അതുകൊണ്ട് ഞാനൊരു വെല്‍നെസ് സ്പായില്‍ പോയി. അതിന് ശേഷം ഒരുമാസത്തേക്ക് മദ്യപാനം പൂർണമായി നിര്‍ത്തി. മദ്യപിച്ചിരുന്ന സമയത്ത് മാള്‍ട്ട് ഞാന്‍ കുടിച്ചിരുന്നില്ല. മറിച്ച് വോഡ്കയാണ് കുടിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മാള്‍ട്ട് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നെ സംബന്ധിച്ച് ഇത് മദ്യപാനമേ അല്ല. ഭക്ഷണത്തിന് ശേഷം വെറും 30 മില്ലി മാള്‍ട്ട്. ചിലപ്പോള്‍ രണ്ടെണ്ണം. അത് പതിവാണ്. അത് നിങ്ങളെ റിലാക്‌സാക്കും. ഞാന്‍ ഒരിക്കലും അതിനപ്പുറത്തേക്ക് പോയിട്ടില്ല. പ്രായോഗികമായി ഇത് മദ്യപിക്കാത്തതിന് തുല്യമാണ്,' അജയ് ദേവ്ഗണിന്റെ വാക്കുകൾ.

സൺ ഓഫ് സർദാർ 2 ആണ് ഏറ്റവും ഒടുവിലായി തിയേറ്ററിലെത്തിയ അജയ് ദേവ്ഗൺ ചിത്രം. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ആദ്യ ഭാഗത്തേക്കാൾ മോശമാണ് സിനിമയെന്നും ചിത്രത്തിലെ തമാശകളൊന്നും തന്നെ ചിരിപ്പിക്കുന്നില്ലെന്നുമാണ് അഭിപ്രായങ്ങൾ. അജയ് ദേവ്ഗണിന്റെത് ഉൾപ്പെടെ മോശം പ്രകടനങ്ങൾ ആണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വമ്പൻ ബജറ്റിൽ ആക്ഷൻ കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങിയത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി അല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ ആയിട്ടാണ് സൺ ഓഫ് സർദാർ 2 പുറത്തിറങ്ങിയത്.

Content Highlights: Ajay Devgn about his drinking habit

To advertise here,contact us