ദുൽഖർ സൽമാന് തിരിച്ചു വരവ് നൽകിയ ചിത്രമാണ് വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ എത്തിയ ലക്കി ഭാസ്കർ. സിനിമയിൽ ക്യാമറ ചലിപ്പിച്ചിരുന്നത് നിമിഷ് രവിയായിരുന്നു. കാഴ്ചക്കാരുടെ മീറ്റർ എന്താണെന്നും തിയറ്റർ മൊമന്റ്സ് എന്താണെന്നും കൃത്യമായി പഠിച്ചത് തെലുങ്കിൽ നിന്നാണെന്ന് പറയുകയാണ് നിമിഷ് രവി ഇപ്പോൾ. തെലുങ്കിൽ രാവിലെ ആറിനു ഷൂട്ടിംഗ് തുടങ്ങിയാൽ വൈകിട്ട് ആറിന് അവസാനിക്കുമെന്നും എന്നാൽ കേരളത്തിൽ രാത്രി 11 മണി വരെയൊക്കെ ചിത്രീകരണമ് നീണ്ടു പോയിട്ടുണ്ടെന്നും നിമിഷ് പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ലക്കി ഭാസ്കറിനുവേണ്ടി ഹൈദരാബാദിലെത്തിയപ്പോൾ അവിടെത്തെ ജോലി സംസ്കാരം പുതിയ അനുഭവമായി. നമ്മൾ കേരളത്തിൽ രാവിലെ ആറു മാണി മുതൽ രാത്രി പതിനൊന്നുവരെയൊക്കെ ഷൂട്ട് ചെയ്യാറുണ്ട്. എന്നാൽ തെലുങ്കിൽ രാവിലെ ആറിനു തുടങ്ങിയാൽ ആറിന് അവസാനിക്കും. അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും പെർഫോമൻസിൽ ഇത് വലിയ സ്വാധീനമുണ്ടാക്കും. തെലുങ്കിൽ ഓരോ സീനിലും തിയേറ്ററിൽ പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുമെന്ന് നേരത്തെതന്നെ റിസർച്ച് ചെയ്ത് പഠിച്ചു വെച്ചിട്ടുണ്ട്. കാഴ്ചക്കാരുടെ മീറ്റർ എന്താണെന്നും തിയറ്റർ മൊമന്റ്സ് എന്താണെന്നും കൃത്യമായി പഠിച്ചത് തെലുങ്കിൽ നിന്നാണ്,' നിമിഷ് രവി പറഞ്ഞു.
ടൊവിനോ തോമസ് നായകനായ ‘ലൂക്ക’എന്ന ചിത്രമാണ് നിമിഷ് രവി ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രം. പിന്നീട് സാറാസ്, കുറുപ്പ്, മമ്മൂട്ടിയുടെ റോഷാക്ക്, ദുൽഖർ നായകനായ കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ബസൂക്ക തുടങ്ങി നിരവധി സിനിമകളിൽ നിമിഷ് പ്രവർത്തിച്ചു. നിമിഷിന്റെതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം ലോകയാണ്. റെക്കോർഡ് കളക്ഷനാണ് ലോക തിയേറ്ററിൽ നിന്ന് നേടിയത്. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.
Content Highlights: Nimish Ravi talks about his shooting time in Telugu cinema