റോഷാക്ക് മറ്റൊരു ഛായാഗ്രാഹകനെ വച്ച് പ്ലാൻ ചെയ്ത സിനിമ, ഒന്നരയാഴ്ച മുൻപാണ് ആ സിനിമയിലെത്തിയത്; നിമിഷ് രവി

റോഷാക്ക് സിനിമയിൽ താൻ ആയിരുന്നില്ല ഛായാഗ്രാഹകൻ ആവേണ്ടിയിരുന്നതെന്ന് നിമിഷ് രവി പറയുന്നു

മലയാള സിനിമയിലെ തിരക്കേറിയ ഛായാഗ്രാഹകനാൻ നിമിഷ് രവി. ടൊവിനോ തോമസ് നായകനായ ‘ലൂക്ക’എന്ന ചിത്രമാണ് നിമിഷ് രവി ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രം. പിന്നീട് സാറാസ്, കുറുപ്പ്, മമ്മൂട്ടിയുടെ റോഷാക്ക്, ദുൽഖർ നായകനായ കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ബസൂക്ക തുടങ്ങി നിരവധി സിനിമകളിൽ നിമിഷ് പ്രവർത്തിച്ചു. ഇപ്പോഴിതാ മമ്മൂട്ടിയുടെ റോഷാക്കിൽ ആദ്യം പ്ലാൻ ചെയ്തിരുന്ന ഛായാഗ്രാഹകൻ പിന്മാറിയതുകൊണ്ടാണ് തനിക്ക് ആ സിനിമ ലഭിച്ചതെന്ന് പറയുകയാണ് നിമിഷ്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'റോഷാക്ക് സിനിമ മറ്റൊരു ഛായാഗ്രാഹകനെ വച്ച് പ്ലാൻ ചെയ്തതായിരുന്നു. അദ്ദേഹം തിരക്കു കാരണം പിന്മാറി. ഷൂട്ടിങ് തുടങ്ങുന്നതിന് ഒന്നരയാഴ്ച മുൻപാണ് ഞാൻ ആ സിനിമയിലെത്തിയത്. റോഷാക്കിന്റെ ട്രീറ്റ്മെന്റിനെക്കുറിച്ച് കൃത്യമായ ഐഡിയ സംവിധായകൻ നിസാം ഉണ്ടാക്കി വച്ചിരുന്നു. തിരക്കഥ ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്യുകയെന്നതാണ് റോഷാക്കിൽ സ്വീകരിച്ചത്,' നിമിഷ് രവി പറഞ്ഞു.

ഇപ്പോൾ താൻ സ്വപ്നസമാനമായ അനുഭവത്തിലൂടെയാണ് കടന്നുപോവുന്നതെന്നും നിമിഷ് രവി പറഞ്ഞു. വെങ്കി അറ്റ്ലൂരിയുടെ സൂര്യ ചിത്രത്തിലും ക്യാമറ ചലിപ്പിക്കുന്നത് നിമിഷ് ആണ്. 'ലക്കിഭാസ്കറിന്റെ സംവിധായകൻ വെങ്കിയുടെ കൂടെ ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ഫീൽഗുഡായ ഒരു ഫാമിലി സിനിമ. സൂര്യ സാറിന്റെ എനർജറ്റിക് പെർഫോമൻസാണ്. ഞാനിതുവരെ ചെയ്ത ഓരോ സിനിമയിലെയും അഭിനേതാക്കളുടെ ഏറ്റവും മികച്ച പെർഫോമൻസ് കാണാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. അവരുടെ പ്രകടനമാണ് ഛായാഗ്രഹണത്തെ മികച്ചതാക്കുന്ന ഏറ്റവും വലിയ ഘടകം,' നിമിഷ് രവി കൂട്ടിച്ചേർത്തു.

Content Highlights: Nimish Ravi about Rorschach movie

To advertise here,contact us