ആരാധകർ ഏറെയുള്ള ഹാസ്യനടനും അവതാരകനുമാണ് രമേശ് പിഷാരടി. സാമൂഹ്യ പ്രശ്നങ്ങളിലും രാഷ്ട്രീയത്തിലും അറിവുള്ള രമേശ് പിഷാരടി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ നടന് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരിക്കൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു സന്ദർഭം വിശദീകരിക്കുകയാണ് നടൻ ഇപ്പോൾ. കലാകാരൻ കൊല്ലം സുധിയുടെ മരണ ദിവസം ദുബായിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു താനെന്നും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞാണ് മരണം അറിയുന്നതെന്നും പിഷാരടി പറഞ്ഞു.
എന്നാൽ ഈ സമയം കൊണ്ട് കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ചോദിച്ച് പോസ്റ്റിന്റെ താഴെ കടൽ പോലെ ചീത്ത വിളി വന്നിരുന്നുവെന്ന് രമേശ് പിഷാരടി പറഞ്ഞു. പിന്നീട് പോസ്റ്റുകൾ ഡിലീറ്റ് ചെയ്തുവെന്നും കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.
'ഞാൻ ദുബായിലായിരുന്നു. എന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. നാട്ടിലേതുമായി ഒന്നര മണിക്കൂറോളം സമയ വ്യത്യാസമുണ്ട്. ഞാൻ ആഘോഷത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കിടന്നുറങ്ങി. വെളുപ്പിന് നാല് മണിയായപ്പോൾ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഷാജോൺ ചേട്ടൻ വിളിക്കുന്നു. ഇങ്ങനെ അപകടമുണ്ടായി, മഹേഷ് കുഞ്ഞുമോന് പരിക്കുണ്ട്, കൊല്ലം സുധി മരണപ്പെട്ടു എന്ന് പറഞ്ഞു. സുധിയുടെ ബോഡി എറണാകുളത്ത് പൊതുദർശനത്തിന് വെക്കണോ എന്നൊരു ചർച്ച വന്നു.
കല്യാണം നടക്കുന്ന ഓഡിറ്റോറിയങ്ങൾ പൊതുദർശനത്തിന് കിട്ടാറില്ല. ഞാൻ ദുബായിൽ ഇരുന്ന് എംഎൽഎ, എംപി വിളികളാണ്. ഓഡിറ്റോറിയത്തിനുള്ള ശ്രമങ്ങൾ നടത്തുന്നു. പക്ഷെ ബോഡി ഇവിടെ വെക്കേണ്ടെന്ന് തീരുമാനമാകുന്നു. ഇതും കഴിഞ്ഞ് ഞാൻ വെറുതെ ഫേസ്ബുക്ക് എടുത്ത് നോക്കിയപ്പോൾ കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ചോദിച്ച് പോസ്റ്റിന്റെ താഴെ കടൽ പോലെ ചീത്ത വിളി വരുന്നു. ഞാൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത് കളഞ്ഞു,'രമേശ് പിഷാരടി പറഞ്ഞു.
Content Highlights: Ramesh Pisharody talks about the criticism he faced on the day of Kollam Sudhi's death