ജയറാം, ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ സിനിമയാണ് സന്ദേശം. ചിത്രം അരാഷ്ട്രീയ സിനിമയാണ് എന്ന തരത്തിലുള്ള വിമർശനങ്ങൾ പലപ്പോഴായി ഉയർന്ന് കേൾക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് സത്യൻ അന്തിക്കാട്. അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് സന്ദേശം എന്നും സിനിമയുടെ വിമർശനത്തിന് താനോ ശ്രീനിവാസനോ മറുപടി നൽകാറില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം.
'സന്ദേശം എന്ന സിനിമയെ ഇപ്പോഴും കല്ലെറിയുന്നവർ ഇല്ലേ. ആ ചിത്രം റിലീസ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇന്നും ആ ചിത്രത്തെ ഒരു അരാഷ്ട്രീയ സിനിമ എന്ന് വിളിക്കുന്നവരുണ്ട്. ഞാനും ശ്രീനിവാസനും അത് കേൾക്കും എന്നതിനപ്പുറം മറുപടി പറയാറില്ല. ചില രാഷ്ട്രീയ പാർട്ടികളുടെ അണികൾ മീഡിയയിൽ ഇരുന്ന് സന്ദേശം ഒരു ക്രൈം ആണെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതേ പാർട്ടിയിലെ വലിയ നേതാക്കൾ, മന്ത്രിമാർ ഒക്കെ ഈ സിനിമയുടെ പേരിൽ ഞങ്ങളെ അഭിനന്ദിക്കാറുമുണ്ട്. ഇങ്ങനെ ഒരു വൈരുദ്ധ്യം അതിനുള്ളിൽ കിടപ്പുണ്ട്. ആളുകൾ ആ സിനിമയെക്കുറിച്ച് ഇന്നും ചർച്ച ചെയ്യുന്നു എന്നതിൽ സന്തോഷം.
അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് സന്ദേശം. ആറു വർഷത്തോളം ചർച്ചകൾ നടത്തി, പല തവണ ഉപേക്ഷിച്ചതുമാണ് ആ സിനിമ. ആ സിനിമയുണ്ടാകാൻ കാരണം ലോഹിതദാസാണ്. ഞാനും ശ്രീനിവാസനും ഒരു കഥ എഴുതുന്നതിനായി തിരുവനന്തപുരം ക്ലബ്ബിൽ താമസിക്കുന്ന സമയത്ത് ഒരിക്കൽ ലോഹി അങ്ങോട്ട് വന്നു. ‘എന്തായി നിങ്ങളുടെ കഥ’ എന്ന് അദ്ദേഹം ചോദിച്ചു. കഥ ഒന്നും ആയിട്ടില്ല എന്ന് പറയുന്നതിനുള്ള മടികൊണ്ട് സന്ദേശത്തിന്റെ ത്രെഡ് ഞാൻ പറഞ്ഞുകേൾപ്പിച്ചു. ‘ഉഗ്രൻ കഥയാണ്. ഈ കഥ ഇപ്പോൾ ചെയ്യണം’ എന്നായിരുന്നു ലോഹിയുടെ പ്രതികരണം. ഒരു ഭരണമാറ്റം കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ആത്മവിശ്വാസം കൊണ്ടാണ് ആ സിനിമ ചെയ്യാം എന്ന ആലോചനയിലെത്തിയത്', സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.
തിലകൻ, സിദ്ധിഖ്, മാള അരവിന്ദൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കവിയൂർ പൊന്നമ്മ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് സന്ദേശം. സിനിമയിലെ ഡയലോഗുകൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ അന്ന് ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു.
Content Highlights: Sathyan Anthikad about Sandhesham Movie